നാശം വിതച്ച് കനത്ത മഴ; മരിച്ചത് മൂന്നുപേര്‍, കെഎസ്ഇബിയ്ക്ക് 27 കോടിയോളം രൂപയുടെ നഷ്ടം
അടുത്ത 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച് കനത്തമഴ. മഴക്കെടുതിയില്‍ 3 പേര്‍ മരിച്ചു. ഇന്നും നാളേയും അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. മേത്തല പടന്ന പാലക്കപ്പറമ്പില്‍ സന്തോഷാണ് മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്.
കോഴിക്കോട് അഴിയൂരില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണ് തൊഴിലാളിയായ കരിയാട് സ്വദേശി രതീഷ് മരിച്ചു. കണ്ണൂര്‍ ചാലക്കുന്നില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ജാര്‍ഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്.
സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും 27 കോടിയോളം രൂപയുടെ നഷ്ടം വന്നുവെന്ന് കെഎസ്ഇബി. ഇതുവരെ 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 7,12,679 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാര്‍ സംഭവിച്ചുവെന്നും കെഎസ്ഇബി. ഇതില്‍ 5,39,976 ഉപഭോക്താക്കള്‍ക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നല്‍കിയെന്നും കെഎസ്ഇബിയുടെ കണക്ക്.
What's Your Reaction?






