കൂടത്തായി കൊലപാതക പരമ്പര: റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന്

റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് പ്രകാരം, സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചെന്നാണ് ഡോ.കെ. പ്രസന്നന്റെ മൊഴി

Jul 28, 2025 - 19:38
Jul 28, 2025 - 19:39
 0  9
കൂടത്തായി കൊലപാതക പരമ്പര: റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് സർജന്റെ മൊഴി. കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മുൻ സർജൻ ഡോ.കെ. പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ തിങ്കളാഴ്ച കോടതിയിൽ ഈ മൊഴി നൽകിയത്. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് പ്രകാരം, സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചെന്നാണ് ഡോ.കെ. പ്രസന്നന്റെ മൊഴി.

കടലക്കറിയിൽ സയനൈഡ് കലർത്തി ജോളി റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോർട്ടം നടത്തിയ ഡോ.ആർ.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയിൽ രേഖപ്പെടുത്തിയത്. സാക്ഷിപട്ടികയിൽ 123ാമതായാണ് ഡോ.കെ.പ്രസന്നനെ ഉൾപ്പെടുത്തിയിരുന്നത്.

കൂടത്തായിയിൽ 2002 മുതൽ 2016 വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), റോയിയുടെ മാതാപിതാക്കളായ റിട്ട. അധ്യാപിക പൊന്നാമറ്റം അന്നമ്മ (60), റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ് (66), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രനും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരെ ഭക്ഷണത്തിൽ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്. റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് കൊലപാതക പരമ്പര പുറത്തറിഞ്ഞത്. ഇതേത്തുടർന്ന്, 2019 ഒക്ടോബർ അഞ്ചിന് ജോളിയെ കോഴിക്കോട് റൂറൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow