മോദി സർക്കാരിന് കനത്ത തിരിച്ചടി; വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു; 12 വർഷത്തിനിടെ ആദ്യ സംഭവം
ബില്ലിന് അനുകൂലമായി 290 വോട്ടുകൾ ലഭിച്ചപ്പോൾ, 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു
ന്യൂഡൽഹി: മോദി സർക്കാരിന് വലിയ രാഷ്ട്രീയ പ്രഹരമേൽപിച്ച് ലോക്‌സഭയിൽ വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടു. ഭരണപക്ഷത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് ബിൽ തള്ളപ്പെട്ടത്. കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടയിൽ ലോക്‌സഭയിൽ മോദി സർക്കാർ അവതരിപ്പിക്കുന്ന ഒരു ബിൽ വോട്ടെടുപ്പിലൂടെ പരാജയപ്പെടുന്നത് ഇതാദ്യമാണ്.
ബില്ലിന് അനുകൂലമായി 290 വോട്ടുകൾ ലഭിച്ചപ്പോൾ, 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട നിബന്ധനകളാണ് ബിൽ പരാജയപ്പെടാൻ പ്രധാന കാരണമായത്. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം മാത്രമേ സംവരണം നടപ്പാക്കൂ എന്ന സർക്കാരിന്റെ ഭേദഗതിയെ പ്രതിപക്ഷം ശക്തമായി എതിർത്തു. നിലവിലുള്ള 543 സീറ്റുകളിൽ എന്തുകൊണ്ട് ഉടൻ സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തിയത്.
ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സഭയിൽ ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചില്ല. വനിതാ സംവരണത്തെയല്ല, മറിച്ച് അത് നടപ്പാക്കാൻ സർക്കാർ വെക്കുന്ന നിബന്ധനകളെയാണ് തങ്ങൾ എതിർക്കുന്നതെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി വാദിച്ചു.
ബിൽ പരാജയപ്പെട്ടത് ജനങ്ങൾക്കിടയിൽ വലിയ പ്രചാരണ ആയുധമാക്കാനാണ് ബിജെപി നീക്കം. പ്രതിപക്ഷം വനിതാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വൻ പ്രചാരണം നടത്താൻ പാർട്ടി തീരുമാനിച്ചു. എന്നാൽ, മണ്ഡല പുനർനിർണ്ണയമെന്ന കടമ്പ വെച്ച് സർക്കാർ സ്ത്രീകളെ വഞ്ചിക്കുകയാണെന്ന വാദമുയർത്തി ഇതിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
What's Your Reaction?