വാൽപ്പാറ അപകടം: നോവായി പാങ്ങ് ഗ്രാമം; ഒൻപത് പേരുടെയും സംസ്കാരം ഇന്ന്

തമിഴ്നാട് സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പൊള്ളാച്ചിയിൽ രാത്രി തന്നെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി

Apr 18, 2026 - 10:11
Apr 18, 2026 - 10:11
 0
വാൽപ്പാറ അപകടം: നോവായി പാങ്ങ് ഗ്രാമം; ഒൻപത് പേരുടെയും സംസ്കാരം ഇന്ന്

മലപ്പുറം: വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ച ഒൻപത് പേരുടെയും സംസ്കാരം ഇന്ന് നടക്കും. മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടത്.

തമിഴ്നാട് സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പൊള്ളാച്ചിയിൽ രാത്രി തന്നെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. ഇന്ന് പുലർച്ചയോടെ ആംബുലൻസുകളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. രാവിലെ 9 മണി മുതൽ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം ആരംഭിച്ചു. ഒരു മണിക്കൂറോളം ഇവിടെ പൊതുദർശനമുണ്ടാകും.

പ്രധാനാധ്യാപിക പി. അജിതയുടെ സംസ്കാരം ഷൊർണ്ണൂരിലും അധ്യാപിക ആശയുടെ സംസ്കാരം കൊളത്തൂരിലും നടക്കും. അധ്യാപിക റംലത്ത്, സാജിത, ഷക്കീന എന്നിവരുടെ സംസ്കാരം പാങ്ങ് ജുമാ മസ്ജിദിൽ നടക്കും. അധ്യാപിക സുഹറയുടെയും മകൻ ഹിഷാമിന്റെയും സംസ്കാരം ഈസ്റ്റ് പാങ്ങ് മസ്ജിദിൽ നടക്കും. അധ്യാപകൻ അബ്ദുൽ മജീദിന്റെയും ഭാര്യ റുഖിയയുടെയും സംസ്കാരം മാട്ടാത്ത് ഖബറിസ്ഥാനിലും നടക്കും.

ഇന്നലെ വൈകുന്നേരം 5.15-ഓടെ വാൽപ്പാറ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാൻ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. വാനിലുണ്ടായിരുന്ന 13 പേരിൽ ഒൻപത് പേർ മരിച്ചു. പരിക്കേറ്റ മൂന്ന് പേർ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു സ്കൂളിലെ തന്നെ സഹപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ഇല്ലാതായത് പാങ്ങ് ഗ്രാമത്തെയും വിദ്യാഭ്യാസ മേഖലയെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow