എ.എ. റഹീമിനെതിരായ സൈബർ ആക്രമണം: മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി

എ.എ. റഹീമിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങളെ പരിഹസിക്കുന്നവർക്കെതിരെ കടുത്ത ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്

Dec 29, 2025 - 21:19
Dec 29, 2025 - 21:19
 0
എ.എ. റഹീമിനെതിരായ സൈബർ ആക്രമണം: മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: രാജ്യസഭാ എം.പി എ.എ. റഹീമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരു പൊതുവിഷയത്തിൽ ഇടപെടാൻ പോയപ്പോൾ ഗ്രാമർ നോക്കിയല്ല, മറിച്ച് ആശയവിനിമയത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.എ. റഹീമിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങളെ പരിഹസിക്കുന്നവർക്കെതിരെ കടുത്ത ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്. റഹീമിന് അറിയാവുന്ന ഭാഷയിൽ അദ്ദേഹം കാര്യങ്ങൾ സംസാരിച്ചു. ഒരു പൊതുവിഷയത്തിൽ പ്രതികരിക്കാനാണ് അദ്ദേഹം പോയത്, അല്ലാതെ ഗ്രാമർ പരീക്ഷ എഴുതാനല്ലെന്ന് മന്ത്രി പരിഹസിച്ചു.

തങ്ങൾ ലോക പണ്ഡിതന്മാരാണെന്ന വിചാരത്തിലാണ് ചിലർ സൈബർ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാഷ്ട്രീയ വിഷയങ്ങളിലും മന്ത്രി തന്റെ നിലപാട് വ്യക്തമാക്കി: വി.കെ. പ്രശാന്ത് എംഎൽഎയുടെ ഓഫീസുമായി ബന്ധപ്പെട്ട് ശബരീനാഥൻ ഉന്നയിച്ച ആരോപണങ്ങൾ നീതിയില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു. പ്രശാന്തിനെ 'അനിയൻ' എന്ന് വിളിച്ചിട്ട് ഇത്തരമൊരു പ്രവർത്തി ചെയ്തത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാറശാല ബ്ലോക്ക് ഓഫീസിൽ നിന്ന് വി.എസ്. അച്യുതാനന്ദന്റെ ചിത്രം നീക്കം ചെയ്തത് മര്യാദകേടാണെന്നും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ ശക്തമായ നിലപാട് മന്ത്രി ആവർത്തിച്ചു.

തെരഞ്ഞെടുപ്പ് കാലമായിട്ടും കുറ്റക്കാരെയെല്ലാം അറസ്റ്റ് ചെയ്യട്ടെ എന്ന കർശന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയുടെ അടുത്തേക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടുപോയത് ആരാണെന്ന് വ്യക്തമാക്കാൻ കോൺഗ്രസ് തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തുടർച്ചയായുള്ള സന്ദർശനങ്ങളിൽ ജനത്തിന് സംശയമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പരിഹസിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow