ആരോഗ്യത്തിന് മുട്ടയോ കോഴിയിറച്ചിയോ മികച്ചത്? ഗുണങ്ങൾ അറിഞ്ഞു കഴിക്കാം
ശരീരത്തിന് ആവശ്യമായ വൈറ്റമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാൽ സമ്പന്നമാണ് മുട്ട
പോഷകാഹാരത്തിന്റെ കാര്യത്തിൽ കോഴിയിറച്ചിയും മുട്ടയും ഒരുപോലെ മികച്ചതാണെങ്കിലും, ഇവ രണ്ടും ശരീരത്തിന് നൽകുന്ന ഗുണങ്ങൾ വ്യത്യസ്തമാണ്. പേശികളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഇവ എങ്ങനെയൊക്കെ സഹായിക്കുന്നുവെന്ന് നോക്കാം.
ശരീരത്തിന് ആവശ്യമായ വൈറ്റമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാൽ സമ്പന്നമാണ് മുട്ട. കൊളീൻ (Choline), ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ തലച്ചോറിന്റെ വികാസത്തിനും കണ്ണിന്റെ ആരോഗ്യത്തിനും മുട്ട ഏറെ നല്ലതാണ്.
മുട്ടയിലെ പ്രോട്ടീൻ ശരീരം വേഗത്തിൽ വലിച്ചെടുക്കും. അതിനാൽ കുട്ടികൾക്കും പ്രായമായവർക്കും ദഹനപ്രശ്നങ്ങളുള്ളവർക്കും മുട്ട ധൈര്യമായി കഴിക്കാം. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള അനാവശ്യ വിശപ്പിനെ നിയന്ത്രിക്കാൻ മുട്ട സഹായിക്കും.
പേശി വളർത്താനും ഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നവർക്ക് നിർദ്ദേശിക്കപ്പെടുന്ന 'ലീൻ പ്രോട്ടീൻ' (Lean Protein) ആണ് ചിക്കൻ. ഇതിലെ ബി വൈറ്റമിനുകളായ നിയാസിൻ, ബി6 എന്നിവ ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു. സെലീനിയം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ കരുത്തിനും തൈറോയ്ഡ് പ്രവർത്തനങ്ങൾക്കും ചിക്കൻ ഗുണകരമാണ്.
കോഴിയുടെ നെഞ്ച് ഭാഗത്തെ ഇറച്ചിയിൽ കൊഴുപ്പ് വളരെ കുറവും പ്രോട്ടീൻ കൂടുതലുമാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. മുട്ടയെ അപേക്ഷിച്ച് കോഴിയിറച്ചി ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ഇത് ദീർഘനേരം വയർ നിറഞ്ഞ പ്രതീതി നൽകാൻ സഹായിക്കും.
What's Your Reaction?

