വി.വി. രാജേഷ് തിരുവനന്തപുരത്തെ ബി.ജെ.പിയുടെ മേയർ സ്ഥാനാർഥി, ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി
വി.വി.രാജേഷ് (കൊടുങ്ങാനൂർ വാർഡ്), വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ്
തിരുവനന്തപുരം: ചരിത്രവിജയത്തിലൂടെ കോർപറേഷൻ ഭരണം പിടിച്ചെടുത്ത ബി.ജെ.പി, പുതിയ മേയറായി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനെ പ്രഖ്യാപിച്ചു. കൊടുങ്ങാനൂർ വാർഡിൽനിന്നാണ് രാജേഷ് വിജയിച്ചത്. കൗൺസിലർമാരുടെ ഭൂരിപക്ഷ പിന്തുണയും ദീർഘകാലത്തെ രാഷ്ട്രീയ പരിചയവും രാജേഷിന് തുണയായി.
വി.വി.രാജേഷ് (കൊടുങ്ങാനൂർ വാർഡ്), വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ്.
നേമം മണ്ഡലത്തിലെ കരുമം വാർഡിൽനിന്നു വിജയിച്ച ആശാനാഥ് ഡെപ്യൂട്ടി മേയറാകും. മേയർ സ്ഥാനത്തേക്ക് മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ പേരും പരിഗണിച്ചിരുന്നു. എന്നാൽ, തദ്ദേശ ഭരണത്തേക്കാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അവരെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. മുതിർന്ന നേതാക്കൾ നേരിട്ടെത്തി അവരെ ഇക്കാര്യം ബോധ്യപ്പെടുത്തി.
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയം പ്രതിപക്ഷത്തെ പ്രമുഖരെ നേരിടാൻ സഹായിക്കുമെന്ന് പാർട്ടി വിലയിരുത്തുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലം കോർപറേഷൻ ഭരണസമിതിക്കെതിരെയുള്ള അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് രാജേഷായിരുന്നു.
കൗൺസിലർമാർക്കിടയിലുള്ള സ്വാധീനത്തിന് പുറമെ ആര്‍.എസ്.എസിന്‍റെ പൂർണ്ണ പിന്തുണയും രാജേഷിന് ലഭിച്ചു. മറ്റ് മുന്നണികളിൽനിന്നു കരുത്തരായ നേതാക്കൾ കൗൺസിലിലെത്തിയിട്ടുള്ള സാഹചര്യത്തിൽ, ഭരണത്തെ ശക്തമായി നയിക്കാൻ രാഷ്ട്രീയമായ കരുത്തുള്ള ഒരാൾ തന്നെ വേണമെന്ന തീരുമാനത്തിലാണ് ബി.ജെ.പി നേതൃത്വം എത്തിയത്.
What's Your Reaction?

