കേരളത്തിന് എയിംസിന് അര്‍ഹതയില്ലെന്ന് ആരും പറയില്ല: മുഖ്യമന്ത്രി

Mar 31, 2025 - 20:55
Apr 1, 2025 - 19:14
 0  15
കേരളത്തിന് എയിംസിന് അര്‍ഹതയില്ലെന്ന് ആരും പറയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഏത് മാനദണ്ഡം വച്ചാലും എയിംസിന് അര്‍ഹതയില്ലെന്ന് ആരും പറയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓരോ വർഷവും കേന്ദ്രത്തിനോട് എയിംസിനായി നിരന്തരം അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നും പക്ഷേ, നമുക്ക് കാത്തിരിക്കാം എന്നല്ലാതെ എന്തു ചെയ്യാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

തിരുവനന്തപുരം നെട്ടയത്ത് ശാരദാ നഴ്സിങ് കോളജിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.   കേന്ദ്രത്തോട് എന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും അത് ഇല്ലാതെ പോവുകയാണ്. എയിംസില്ലാത്തതു കൊണ്ട് നമ്മുടെ നഴ്സിങ് മേഖലയോ ആരോഗ്യമേഖലയോ പിന്നോട്ട് പോകുന്നില്ലെന്നത് എല്ലാവര്‍ക്കും അറിയാം.

157 നഴ്സിങ് കോളജുകൾ കേന്ദ്രം അനുവദിച്ചമ്പോൾ ഒന്നുപോലും കേരളത്തിന് നല്‍കിയില്ല. കേരളത്തിലെ നഴ്സിങ് മേഖലയെ പറ്റി ഇവിടെയല്ല എവിടെ ചോദിച്ചാലും ആരും വാഴ്ത്തിയേ പറയൂ. നഴ്സിങ് കോളജുകള്‍ അനുവദിക്കാത്തതില്‍ വലിയ ആശ്ചര്യം തോന്നേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.   

സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ക്ക് മികച്ച ശമ്പളവും സേവന വ്യവസ്ഥയും പ്രൊമോഷൻ സാധ്യതകളും കേരളത്തിലുണ്ട്. സ്വകാര്യ ആശുപത്രികളിലെ സ്ഥിതി അതായിരുന്നില്ല. ഇത് തിരിച്ചറഞ്ഞാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കുള്ള കുറഞ്ഞ ശമ്പളം 20,000 രൂപയാക്കിയത്.

ഇത് നഴ്സുമാര്‍ക്ക് പകര്‍ന്നു നല്‍കിയ ആശ്വാസം എത്രയാണെന്ന് പറയേണ്ടതില്ല. ഈ സര്‍ക്കാരിന്റെ കാലത്തും നഴ്സിങ് മേഖലയില്‍ ഗൗരവതരമായ ഇടപെടലാണ് നടത്തുന്നത്. ലോകതൊഴില്‍ കമ്പോളത്തിന് ഉപയുക്തമാകുന്ന നിലയില്‍ സംസ്ഥാനത്ത് വര്‍ധിച്ച തോതില്‍ നഴ്സിങ് പഠനാവസരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1020 ബിഎസ്‍സി നഴ്സിങ് സീറ്റുകള്‍ പുതിയതായി ഏര്‍പ്പെടുത്തി. കൂടാതെ ജനറല്‍ നഴ്സിങിന് മുൻ വര്‍ഷത്തെ അപേക്ഷിച്ച് 100 സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.  

What's Your Reaction?

like

dislike

love

funny

angry

sad

wow