വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികൾ പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതി തീരുവ ഉള്‍പ്പെടെ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിയമ നിര്‍മ്മാണത്തിന് ട്രംപ് തയ്യാറാകുന്നത്.
യുഎസില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ട്രംപിന്റെ പുതിയ തീരുമാനം. നികുതി ഈടാക്കാനുള്ള നിർദേശം യുഎസ് ഹൗസ് ഒഫ് റപ്രസെന്‍റേറ്റീവ്സ് മുന്നോട്ടു വച്ചു. 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ അമേരിക്കയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശ പണം എത്തുന്നതും അമേരിക്കയിൽ നിന്നാണ്. ഇവർ ഓരോ വർഷവും 2300 കോടി ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്.
ചെറിയ തുകയാണ് അയയ്ക്കുന്നതെങ്കിൽ പോലും അഞ്ചു ശതമാനം നികുതി നൽകണം. യുഎസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങിയവർക്കും പുതിയ നികുതി നിർദേശം ബാധകമായേക്കും. ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.