തിരുവനന്തപുരം: പഹൽഗാമിൽ ക്രൂരമായി കൊല്ലപ്പെട്ട രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യൻ സൈന്യം നീതി പുലർത്തിയെന്ന് മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി. പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരർക്കെതിരായ ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടാണെന്നും അതുകൊണ്ടുതന്നെ ഭീകരതയ്ക്കെതിരെ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ പാക് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കുന്ന നടപടിയുമായി ഇന്ത്യൻ സൈന്യം ഇനിയും മുന്നോട്ടുപോകുമെന്ന് ഉറപ്പുണ്ട്. മാത്രമല്ല അതിന് സൈന്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്നും ഇന്ത്യയ്ക്കൊപ്പം ലോക മനസാക്ഷി ഉണ്ടാകുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു. പഹൽഗാമിൽ നിരപരാധികളായ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയ നീച പ്രവര്‍ത്തിയിൽ സൈന്യം മറുപടി നൽകിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.