കാലിഫോര്‍ണിയ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി. 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇവർ മടങ്ങുന്നത്. സുനിതയുമായുള്ള യാത്രാപേടകം രാവിലെ 10.30ന് ബഹിരാകാശ നിലയം (ഐഎസ്എസ്) വിട്ടു.
പേടകം ബുധനാഴ്ച പുലർച്ചെ 3:27 ഓടെ അമേരിക്കൻ സംസ്ഥാനമായ ഫ്‌ലോറിഡയില്‍ കടലില്‍ ഇറങ്ങും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തുന്നതിനായി ബഹിരാകാശ പേടകത്തിന്റെ എഞ്ചിനെ ജ്വലിപ്പിക്കുന്ന ഡീ ഓര്‍ബിറ്റ് ബേണ്‍ പൂര്‍ത്തിയായതോടെയാണ് പേടകം ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയത്.
ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. നാളെ ഇന്ത്യൻ സമയം പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേൺ പ്രക്രിയ. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സോക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക. തിരികെയെത്തുന്ന അവരെ ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കും.