മുംബൈ: നാഗ്പൂരിൽ കർഫ്യു പ്രഖ്യാപിച്ചു. മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം ആരംഭിച്ചിരുന്നു. ഇതേത്തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇന്നലെ രാത്രി നടന്ന വർഗീയ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നു. നഗരത്തിലെ മഹൽ പ്രദേശത്ത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വൻ സംഘർഷത്തെത്തുടർന്ന് 15 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റു.
നിരവധി വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ട ഇടങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. വിശ്വഹിന്ദു പരിഷത്തും, ബംജ്റംഗ്ദളുമാണ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. കോട്വാലി, ലണേഷ്പേട്ട്, തഹസിൽ, ലക്ദ്ഗഞ്ച്, പച്ച്പാവ്‌ലി, ശാന്തിനഗർ, സക്കർദാര, നന്ദൻവാൻ, ഇമാംവാഡ, യശോധരനഗർ, കപിൽനഗർ എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.