ഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്ര സർക്കാർ. ഇന്ത‍്യൻ ഉപഭോക്താക്കളുടെ താത്പര‍്യം സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് വിദേശകാര‍്യ മന്ത്രാലയം വ‍്യക്തമാക്കി.
ട്രംപിന്‍റെ അവകാശവാദം വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പരോക്ഷമായി തള്ളി. ഇന്ധന ലഭ്യതയും വില പിടിച്ചു നിറുത്തുന്നതും ആണ് ഇന്ത്യയുടെ ഇറക്കുമതി നയം നിർണ്ണയിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വിവരിച്ചു. യുഎസുമായി ബന്ധപ്പെട്ട് ഊർജ്ജസംഭരണം വിപുലീകരിക്കാൻ വർഷങ്ങളായി ഇന്ത്യ ശ്രമിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്ക് കൂടുതൽ ഇന്ധനം കയറ്റുമതി ചെയ്യണം എന്ന താല്പര്യം അമേരിക്ക അറിയിച്ചെന്നും ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ഉറപ്പ് ലഭിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതിനു മറുപടിയുമായിട്ടാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.