ടി20 ലോകകപ്പിനിടെ റിങ്കു സിങ് ഇന്ത്യൻ ടീം വിട്ടു; പിതാവിന്റെ ആരോഗ്യനില ഗുരുതരം
തിങ്കളാഴ്ച ടീമിനൊപ്പം ചെന്നൈയിലെത്തിയ റിങ്കു, ചൊവ്വാഴ്ച പുലർച്ചെ തന്നെ നോയ്ഡയിലേക്ക് തിരിച്ചു.
ചെന്നൈ: ടി20 ലോകകപ്പ് പോരാട്ടങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ ഇന്ത്യൻ ടീമിന് തിരിച്ചടിയായി സ്റ്റാർ ബാറ്റർ റിങ്കു സിങ്ങിന്റെ മടക്കം. പിതാവ് ഖൻചന്ദ് സിങ്ങിന്റെ ആരോഗ്യനില ഗുരുതരമാണെന്ന വാർത്ത ലഭിച്ചതിനെത്തുടർന്ന് താരം ഇന്ത്യൻ ക്യാമ്പ് വിട്ട് നാട്ടിലേക്ക് തിരിച്ചു.
തിങ്കളാഴ്ച ടീമിനൊപ്പം ചെന്നൈയിലെത്തിയ റിങ്കു, ചൊവ്വാഴ്ച പുലർച്ചെ തന്നെ നോയ്ഡയിലേക്ക് തിരിച്ചു. നിലവിൽ ഗ്രേറ്റർ നോയ്ഡയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹത്തിന്റെ പിതാവ്.
സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് റിങ്കുവിന്റെ ഈ വിടവാങ്ങൽ. ടൂർണമെന്റിൽ ഇന്ത്യയുടെ നിലനിൽപ്പ് തന്നെ അപകടത്തിലായ ഘട്ടത്തിൽ ഇത് ടീമിന് വലിയ തിരിച്ചടിയാണ്.
സിംബാബ്‌വെക്കെതിരായ അടുത്ത നിർണ്ണായക മത്സരത്തിൽ റിങ്കുവിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ ഓൾറൗണ്ടർ അക്ഷർ പട്ടേൽ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തും. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ വൈസ് ക്യാപ്റ്റൻ കൂടിയായ അക്ഷറിന് ഇടം ലഭിച്ചിരുന്നില്ല. കുടുംബപരമായ അടിയന്തര സാഹചര്യം കണക്കിലെടുത്ത് താരത്തിന് ബി.സി.സി.ഐ അവധി അനുവദിച്ചിട്ടുണ്ട്. എപ്പോൾ തിരികെ വരുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
What's Your Reaction?