ഉത്തരകാശി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇതുവരെ ദുരന്തത്തിൽ അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇനിയും നിരവധി ആളുകളെ കണ്ടെത്താൻ ഉണ്ട്.
60ലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. 190 പേരെ രക്ഷപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ്, കരസേന, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനം. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെ എത്തിക്കാനാണ് നീക്കം.
കൂടുതൽ സൈന്യവും കരസേനയുടെ എൻജിനീയറിങ് വിഭാഗവുമുള്ളപ്പെടെ ഇന്ന് തിരച്ചിൽ നടത്തും. കൂടാതെ മേഖലയില്‍ കുടുങ്ങിയ 28 അംഗ മലയാളി സംഘത്തെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ശ്രമം നടക്കുകയാണ്. അപകട സ്ഥലത്ത് 60 അടിയിലേറെ ഉയരത്തിലാണ് മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നത്. ഡോക്ടേഴ്സിന്റെ പ്രത്യേക സംഘവും പ്രശ്നബാധിത മേഖലകളിൽ എത്തിയിട്ടുണ്ട്.
കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ധരാലിയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ ബോർഡ് റോഡ്സ് ഓർഗനൈസേഷൻ ഉൾപ്പെടെ കഠിന പരിശ്രമത്തിലാണ്. അതേസമയം, ഉത്തരകാശിയില് റെഡ് അലേര്‍ട്ട് തുടരുകയാണ്.