ഡൽഹി: 18 സൈനിക താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാൻ. നാല് ദിവസത്തെ പോരാട്ടത്തിൽ പാകിസ്ഥാൻ്റെ ആറ് യുദ്ധവിമാനങ്ങൾ, രണ്ട് പ്രധാനപ്പെട്ട നിരീക്ഷണ വിമാനങ്ങൾ, ഒരു സി-130 ട്രാൻസ്പോർട്ട് വിമാനം, 30-ലധികം മിസൈലുകൾ, നിരവധി ആളില്ലാ വ്യോമാക്രമണ സംവിധാനങ്ങൾ എന്നിവ ഇന്ത്യൻ വ്യോമസേന നശിപ്പിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
‘ബുന്യാൻ ഉൻ മർസൂസ് ‘ സൈനിക നീക്കത്തെ സംബന്ധിച്ച് പാകിസ്ഥാൻ സൈന്യം പുറത്ത് ഇറക്കിയ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ വ്യോമസേനയും കരസേനയും നേരത്തെ ആക്രമണം നടത്തിയതായി രേഖയിൽ ഏഴ് സ്ഥലങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നു. പെഷാവർ, സിന്ധിലെ ഹൈദരാബാദ്, അറ്റോക് എന്നീ താവളങ്ങൾ പട്ടികയിൽപ്പെട്ടിട്ടുണ്ട്. നേരത്തെ ഇന്ത്യ പാകിസ്ഥാന്റെ 11 സേനാ കേന്ദ്രങ്ങളും 2 വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തുവെന്നാണ് അറിയിച്ചിരുന്നത്.