വേദനസംഹാരിയായ 'നിമെസുലൈഡ്' മരുന്നിന് രാജ്യത്ത് നിരോധനം; 100 മില്ലിഗ്രാമിൽ കൂടുതൽ ഡോസുള്ളവയ്ക്ക് വിലക്ക്

100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡ് കണ്ടെത്തി

Dec 31, 2025 - 17:11
Dec 31, 2025 - 17:11
 0
വേദനസംഹാരിയായ 'നിമെസുലൈഡ്' മരുന്നിന് രാജ്യത്ത് നിരോധനം; 100 മില്ലിഗ്രാമിൽ കൂടുതൽ ഡോസുള്ളവയ്ക്ക് വിലക്ക്

ന്യൂഡൽഹി: സാധാരണയായി പനിക്കും വേദനയ്ക്കും ഉപയോഗിക്കുന്ന നിമെസുലൈഡ് മരുന്നിന്‍റെ ഉയർന്ന ഡോസുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. 100 മില്ലിഗ്രാമിൽ കൂടുതൽ അളവിലുള്ള മരുന്നുകളുടെ നിർമ്മാണം, വിതരണം, വിൽപന എന്നിവ രാജ്യത്തുടനീളം നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡ് (DTAB) കണ്ടെത്തി. ഈ മരുന്നിന്റെ തുടർച്ചയായ ഉപയോഗം ഗുരുതരമായ കരൾ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന നിരീക്ഷണത്തെത്തുടർന്നാണ് നടപടി.

1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ സെക്ഷൻ 26 എ പ്രകാരമാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനാരോഗ്യം മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിപണിയിൽ നിമെസുലൈഡിന് പകരം ഉപയോഗിക്കാവുന്ന കൂടുതൽ സുരക്ഷിതമായ മറ്റ് വേദനസംഹാരികൾ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ (WHO) അവശ്യ മരുന്നുകളുടെ പട്ടികയിൽ നിമെസുലൈഡ് ഉൾപ്പെട്ടിട്ടില്ല. കരൾ സംബന്ധമായ പ്രശ്നങ്ങൾ കണക്കിലെടുത്ത് നിരവധി വിദേശ രാജ്യങ്ങളിൽ ഈ മരുന്നിന് നേരത്തെ തന്നെ നിരോധനമോ കർശന നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടുണ്ട്.

സാധാരണയായി ഗുളിക രൂപത്തിലും സിറപ്പ് രൂപത്തിലും ലഭ്യമാകുന്ന ഈ നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നിന്റെ (NSAID) അനിയന്ത്രിതമായ ഉപയോഗം തടയാൻ ഈ നീക്കം സഹായിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow