2026നെ വരവേറ്റ് ലോകം; പുതുവർഷം ആദ്യം പിറന്നത് കിരിബാത്തി ദ്വീപിൽ
ഹവായിക്ക് തെക്ക് കിഴക്കായും ഓസ്‌ട്രേലിയക്ക് വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്ന കിരിതിമാറ്റി ദ്വീപ്‌സമൂഹത്തിലാണ് ലോകത്താദ്യമായി അർദ്ധരാത്രി 12 മണിയായത്
മെൽബൺ: ലോകം 2026-ലേക്ക് ചുവടുവെച്ചു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് (ക്രിസ്മസ് ദ്വീപ്) ഇത്തവണയും ലോകത്ത് ആദ്യമായി പുതുവർഷം പിറന്നത്. പസഫിക് രാഷ്ട്രമായ കിരിബാത്തിയുടെ ഭാഗമായ ഈ ദ്വീപ് ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ടാണ് സമയക്രമത്തിൽ മുന്നിലെത്തിയത്.
ഹവായിക്ക് തെക്ക് കിഴക്കായും ഓസ്‌ട്രേലിയക്ക് വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്ന കിരിതിമാറ്റി ദ്വീപ്‌സമൂഹത്തിലാണ് ലോകത്താദ്യമായി അർദ്ധരാത്രി 12 മണിയായത്. 1979-ൽ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഈ രാജ്യത്ത് ഏകദേശം 1.16 ലക്ഷം ജനങ്ങളാണുള്ളത്. പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ സംരക്ഷണ കേന്ദ്രങ്ങളിലൊന്ന് ഇവിടെയാണ്.
കിരിതിമാറ്റിക്ക് തൊട്ടുപിന്നാലെ ന്യൂസിലൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. ഏകദേശം 600 പേർ മാത്രമാണ് ഈ ദ്വീപിലുള്ളത്. സമുദ്രത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന ചാഥം ദ്വീപിലെ ജനങ്ങളിൽ വലിയൊരു വിഭാഗം ബാറുകളിലും മറ്റും ഒത്തുകൂടിയാണ് 2025-നെ യാത്രയാക്കി പുതുവർഷത്തെ സ്വീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കിരിബാത്തിക്ക് പിന്നാലെ ഫിജി, ടോംഗ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളും വലിയ ആഘോഷങ്ങളോടെ 2026-നെ വരവേൽക്കുകയാണ്.
What's Your Reaction?