ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്ക് ബോട്ടിന് തീപിടിച്ചു; ഒരു മരണം, 17 പേരെ രക്ഷപ്പെടുത്തി
ഹോർമുസ് കടലിടുക്കിന് സമീപം 18 ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്ക് ബോട്ട് തീപിടിച്ച് കടലിൽ താഴ്ന്നു. അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരണപ്പെടുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. തടികൊണ്ടുണ്ടാക്കിയ ബോട്ടിനാണ് തീപിടിച്ചത്. അഗ്നിബാധയുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തീപിടുത്തത്തെത്തുടർന്ന് ബോട്ട് പൂർണ്ണമായും കടലിൽ മുങ്ങിപ്പോയെങ്കിലും സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ നടത്തിയ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. കടലിൽ അകപ്പെട്ട 17 ജീവനക്കാരെയും ഈ കപ്പലിലെ ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. പരിക്കേറ്റ നാല് ഇന്ത്യക്കാർ നിലവിൽ ദുബായിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ട ജീവനക്കാരെ സന്ദർശിക്കുകയും അവർക്ക് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട ബോട്ട് പൂർണ്ണമായും നശിച്ചതായാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ബോട്ട് ഉടമയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് ആവശ്യമായ മറ്റ് സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
What's Your Reaction?