വാഷിംഗ്ടൺ: ട്രംപ് സെലൻസ്കി ഉച്ചകോടിയിൽ സമാധാന പ്രഖ്യാപനമുണ്ടായില്ല. വൈറ്റ് ഹൗസിൽ നടന്ന യുക്രൈൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് വെടിനിർത്തലടക്കമുള്ള പ്രഖ്യാപനങ്ങൾ ഒന്നും നടത്താത്തത്. അതെ സമയം അമേരിക്ക- റഷ്യ- യുക്രൈൻ ത്രികക്ഷിചർച്ചയ്ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യുക്രൈയന് ഭാവിയിൽ സുരക്ഷ ഉറപ്പ് നൽകാൻ വൈറ്റ്ഹൌസിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയായി. യൂറോപ്യൻ രാജങ്ങളും അമേരിക്കയും ഇതിൽ പങ്കുവഹിക്കും.ചർച്ചകൾക്കിടെ പുടിനുമായി 40 മിനിറ്റ് ട്രംപ് ഫോണിൽ സംസാരിച്ചു. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഡോണൾഡ് ട്രംപിനെ അറിയിച്ചെന്നാണ് വിവരം.
വെടിനിർത്തലല്ല ശാശ്വത സമാധാനമാണ് യുക്രൈയന് വേണ്ടതെന്നും സെലൻസ്കി വ്യക്തമാക്കി. സെലൻസ്കി-പുടിൻ കൂടിക്കാഴ്ച രണ്ടാഴ്ചക്കകം നടന്നേക്കുമെന്നാണ് വിവരം. വേദി പിന്നീട് തീരുമാനിക്കും.