ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് നശിപ്പിച്ചു; കോൺഗ്രസിൽ അതൃപ്തി പുകയുന്നു, ഹൈക്കമാൻഡിന് റിപ്പോർട്ട് കൈമാറി

May 9, 2026 - 13:37
May 9, 2026 - 13:37
 0
ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് നശിപ്പിച്ചു; കോൺഗ്രസിൽ അതൃപ്തി പുകയുന്നു, ഹൈക്കമാൻഡിന് റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി. സതീശനെ ഉയർത്തിക്കാട്ടി നടന്ന പ്രകടനത്തിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ കെപിസിസി നേതൃത്വം കടുത്ത നടപടിയിലേക്ക്. സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഹൈക്കമാൻഡിന് വിശദമായ റിപ്പോർട്ട് കൈമാറി. ഉമ്മൻ ചാണ്ടിയുടെ ചിത്രം നശിപ്പിച്ചത് അത്യന്തം വേദനാജനകമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.

വി.ഡി. സതീശന് അനുകൂലമായി നടന്ന പ്രകടനങ്ങളും ഫ്ലക്സ് നശിപ്പിച്ചതും ഗുരുതരമായ അച്ചടക്കലംഘനമായാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റികളോട് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത ഭാരവാഹികളുടെ പട്ടിക സമർപ്പിക്കാനും നിർദ്ദേശമുണ്ട്. ഹൈക്കമാൻഡ് നിർദ്ദേശം ലംഘിച്ച് പ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പാർട്ടി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ചിത്രം നശിപ്പിക്കുമെന്ന് കരുതുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പ്രതികരിച്ചു. പ്രതിഷേധത്തിനിടയിലേക്ക് നുഴഞ്ഞുകയറിയ ഇടതുപക്ഷക്കാരാകാം ഇതിന് പിന്നിലെന്നും, പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സതീശൻ്റെയോ കെ.സി. വേണുഗോപാലിൻ്റെയോ അനുയായികൾ മനഃപൂർവ്വം ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നും ആവേശത്തിനിടയിൽ സംഭവിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow