കെഎസ്ആർടിസിയിൽ സൗജന്യ സ്ത്രീയാത്ര ഉടൻ; ടിക്കറ്റുകളിൽ ലിംഗവിവരങ്ങൾ രേഖപ്പെടുത്തി കണക്കെടുപ്പ് തുടങ്ങി

May 9, 2026 - 13:42
May 9, 2026 - 13:43
 0
കെഎസ്ആർടിസിയിൽ സൗജന്യ സ്ത്രീയാത്ര ഉടൻ; ടിക്കറ്റുകളിൽ ലിംഗവിവരങ്ങൾ രേഖപ്പെടുത്തി കണക്കെടുപ്പ് തുടങ്ങി

കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിന്റെ മുന്നോടിയായി യാത്രക്കാരുടെ കൃത്യമായ കണക്കെടുപ്പ് ആരംഭിച്ചു. ടിക്കറ്റ് മെഷീനുകളിൽ മാറ്റം വരുത്തി യാത്രക്കാരുടെ ലിംഗവിവരങ്ങൾ രേഖപ്പെടുത്താൻ കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകി. പദ്ധതി നടപ്പിലാക്കുമ്പോൾ പ്രതിദിനം എത്ര സ്ത്രീകൾ ബസ്സുകളെ ആശ്രയിക്കുന്നുണ്ടെന്നും അതിനായി എത്ര തുക നീക്കിവെക്കേണ്ടി വരുമെന്നും കൃത്യമായി കണക്കാക്കാനാണ് ഈ നീക്കം.

യുഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച അഞ്ച് പ്രധാന ഗ്യാരണ്ടികളിൽ ഒന്നാണ് സ്ത്രീകളുടെ സൗജന്യ യാത്ര. നിലവിലെ കണക്കനുസരിച്ച് പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 23.5 ലക്ഷം യാത്രക്കാരിൽ 45 ശതമാനത്തോളം സ്ത്രീകളാണ്. ഓർഡിനറി, സൂപ്പർഫാസ്റ്റ് ബസ്സുകളിലായി പദ്ധതി നടപ്പിലാക്കുമ്പോൾ പ്രതിമാസം 90 കോടി രൂപയോളം അധിക ബാധ്യത വരുമെന്നാണ് പ്രാഥമിക നിഗമനം. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കെഎസ്ആർടിസിക്ക് ഈ ബാധ്യത എത്രത്തോളം താങ്ങാൻ കഴിയുമെന്ന ചർച്ചകളും ഇതിനോടൊപ്പം ഉയരുന്നുണ്ട്.

ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സൗജന്യ യാത്രാ പദ്ധതിയിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ചുരുങ്ങിയ ദിവസത്തെ കണക്കുകൾ ശേഖരിച്ച് റിപ്പോർട്ട് നൽകാനാണ് ജീവനക്കാർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. തിരഞ്ഞെടുപ്പ് വാഗ്ദാനം എത്രയും വേഗത്തിൽ പ്രാവർത്തികമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ സ്ത്രീ യാത്രക്കാർ.

What's Your Reaction?

like

dislike

love

funny

angry

sad

wow