മസ്ജിദിൽ ഉസ്താദിന്റെ വേഷത്തിലെത്തി ഒന്നര ലക്ഷം കവർന്നു; അക്രമാസക്തനായ പ്രതി പിടിയിൽ
വയനാട് അമ്പലവയലിൽ മസ്ജിദ് ഓഫീസ് പൂട്ട് പൊളിച്ച് പണം മോഷ്ടിച്ച പ്രതിയെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പിടികൂടി. കോഴിക്കോട് ബേപ്പൂർ സ്വദേശി സംഷുദീനെയാണ് (41) അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്പാറ ജുമാ മസ്ജിദിലെ ഓഫീസിൽ ഉസ്താദിന്റെ വേഷത്തിലെത്തിയാണ് ഇയാൾ 1.60 ലക്ഷം രൂപ അപഹരിച്ചത്. മോഷണത്തിന് ശേഷം ഓഫീസിന് പുതിയ പൂട്ടും താക്കോലുമിട്ട് പൂട്ടിയാണ് ഇയാൾ കടന്നുകളഞ്ഞത്.
മസ്ജിദിന് സമീപത്തെയും പ്രതി സഞ്ചരിച്ച വഴികളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. പാലക്കാട് വഴി ചെന്നൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം ഇയാളെ വലയിലാക്കിയത്. മുൻപും പള്ളികൾ കേന്ദ്രീകരിച്ച് സമാന രീതിയിൽ മോഷണം നടത്തിയ കേസുകളിൽ ഇയാൾ പ്രതിയാണ്.
അറസ്റ്റിന് പിന്നാലെ അമ്പലവയൽ സ്റ്റേഷനിൽ എത്തിച്ച പ്രതി അക്രമാസക്തനാവുകയും പോലീസ് വാഹനത്തിലും ഭിത്തിയിലും തലയിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ പോലീസ് പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലവയൽ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്നാണ് അന്വേഷണം പൂർത്തിയാക്കി പ്രതിയെ പിടികൂടിയത്.
What's Your Reaction?