ചാലക്കുടി പഴയ പാലം നാളെ മുതൽ അടയ്ക്കും; ദേശീയപാതയിൽ മൂന്നാഴ്ച ഗതാഗത നിയന്ത്രണം
ദേശീയപാത 544-ൽ ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം അറ്റകുറ്റപ്പണികൾക്കായി ശനിയാഴ്ച രാവിലെ 10 മുതൽ അടച്ചിടും. എറണാകുളം-തൃശ്ശൂർ ദിശയിലുള്ള വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലത്തിന്റെ തൂണുകൾക്കും സ്ലാബുകൾക്കും ഇടയിലുള്ള 42 ബെയറിങ്ങുകൾ മാറ്റുന്ന ജോലികളാണ് നടക്കുന്നത്. മൂന്നാഴ്ച കൊണ്ട് പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം ഇതേ പാലം ബലപരിശോധനയ്ക്കായി ഒരാഴ്ച അടച്ചിട്ടിരുന്നു.
പാലം അടയ്ക്കുന്നതോടെ പുതിയ പാലത്തിലൂടെയാകും ഇരുഭാഗങ്ങളിലേക്കുമുള്ള ഗതാഗതം. ഇതിനായി പാലത്തിന്റെ ഇരുവശങ്ങളിലും മീഡിയനുകൾ മുറിച്ച് വാഹനങ്ങൾ കടത്തിവിടും. പരിസരപ്രദേശങ്ങളായ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ നിലവിൽ തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പുതിയ പാലത്തിലൂടെ മാത്രം വാഹനങ്ങൾ കടന്നുപോകുമ്പോൾ തിരക്ക് വർധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും കൃത്യമായ ക്രമീകരണങ്ങളിലൂടെ ഇത് പരിഹരിക്കാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഗതാഗതനിയന്ത്രണത്തിനായി ഹൈവേ പോലീസിനെയും ട്രാഫിക് വാർഡൻമാരെയും നിയോഗിച്ചിട്ടുണ്ട്. പാലത്തിൽ വാഹനങ്ങൾ കേടായാൽ ഉടനടി നീക്കം ചെയ്യാൻ 24 മണിക്കൂറും ക്രെയിൻ സൗകര്യം ഉറപ്പാക്കും. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണച്ചുമതല. തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ പരമാവധി ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും പോലീസ് നിർദേശിച്ചു.
What's Your Reaction?