നിതിന്‍ രാജിന്‍റെ മരണം: അധ്യാപകനെ മാനേജ്‌മെന്‍റ് പുറത്താക്കി

തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികൾ നടത്തിവന്ന ക്ലാസ് ബഹിഷ്കരണത്തിനും കുത്തിയിരിപ്പ് സമരത്തിനും ഒടുവിലാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്

Apr 16, 2026 - 20:51
Apr 16, 2026 - 20:51
 0
നിതിന്‍ രാജിന്‍റെ മരണം: അധ്യാപകനെ മാനേജ്‌മെന്‍റ് പുറത്താക്കി

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് പ്രതിഷേധം ശക്തമായതോടെ, ആരോപണവിധേയനായ അധ്യാപകനെ മാനേജ്‌മെന്റ് പുറത്താക്കി. ഓറൽ പതോളജി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.

തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികൾ നടത്തിവന്ന ക്ലാസ് ബഹിഷ്കരണത്തിനും കുത്തിയിരിപ്പ് സമരത്തിനും ഒടുവിലാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. ഡോ. റാമിനെ പുറത്താക്കാതെ ക്ലാസിൽ കയറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വിദ്യാർത്ഥികൾ. മെഡിക്കൽ, നഴ്സിംഗ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ തങ്ങളുടെ വൈറ്റ് കോട്ട് ഊരിമാറ്റി പ്രതിഷേധത്തിൽ പങ്കുചേർന്നു.

ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും മാനേജ്‌മെന്റുമായി ചർച്ച നടത്തി അധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ഡോ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ക്യാമ്പസിൽ പ്രതിഷേധം തുടരുകയാണ്. ഇരുവരും നിലവിൽ ഒളിവിലാണെന്നാണ് വിവരം.

തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ഡോ. റാം ജാതീയമായി അധിക്ഷേപിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നത്. എന്നാൽ, ലോൺ ആപ്പുകൾ വഴിയുള്ള സാമ്പത്തിക ബാധ്യതകൾ ഇതിന് പിന്നിലുണ്ടോ എന്ന കാര്യവും പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow