തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ഉണ്ടായത് ജനങ്ങളെ മുന്നിൽ കണ്ടുള്ള വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം നീതി ആയോഗ് വൈസ് ചെയർമാൻ വയനാട്ടിൽ എത്തിയപ്പോൾ നമ്മുടെ ആരോഗ്യ മേഖലയെ പ്രശംസിച്ചിരുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ യഥാർത്ഥ ശേഷിയാണ് അത് വ്യക്തമാകുന്നത്. സർക്കാർ ആശുപത്രികളിൽ ആയിരക്കണക്കിന് രോഗികളാണെത്തുന്നത്. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 180ലധികം കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മെഡിക്കൽ കോളേജ് എം.എൽ.റ്റി അക്കാഡമിക്ക് ബ്ലോക്കിന്റേയും മറ്റ് പദ്ധതികളുടെയും ഉദ്ഘാടനവും പുതുതായി നിർമ്മിക്കുന്ന ഓപ്പറേഷൻ തിയറ്റർ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും ഇതിൽ ഉൾപ്പെടുന്നു.
ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഇവിടെ നിൽക്കുന്നത്. നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് മെഡിക്കൽ കോളേജുകളുടെ ശേഷി വർധിപ്പിക്കുന്നതിലൂടെ വലിയ സഹായമാണ് ലഭിക്കുന്നത്. തിരുവനന്തപുരം നഗര ഹൃദയഭാഗത്തുള്ള മെഡിക്കൽ കോളജിനെ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ അഭിമാന സ്തംഭമായിട്ടാണ് കണക്കാക്കുന്നത്. കേരളത്തിലുള്ളവർ മാത്രമല്ല അയൽ സംസ്ഥാനത്തുള്ള ധാരാളം പേരും ഇവിടെ ചികിത്സയ്ക്കായി ആശ്രയിക്കുന്നു. അതിനാൽ ഈ സ്ഥാപനത്തെ കൂടുതൽ ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്. ഈ സ്ഥാപനത്തിന്റെ മാത്രം കണക്കെടുത്താൽ കഴിഞ്ഞ 9 വർഷം കൊണ്ട് 2,069 കോടി രൂപയാണ് അനുവദിച്ചത്. അതിലൂടെ ഭൗതിക സാഹചര്യവും രോഗീ പരിചരണവും മെച്ചപ്പെടുത്താൻ സാധിച്ചു. ബഹുജനങ്ങളുടെ ആരോഗ്യവും ജീവിതവും മെച്ചപ്പെടുത്താനുള്ള നിശ്ചയദാർഢ്യത്തിന്റെ പ്രതീകങ്ങളാണിത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നാടിന്റെ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞത്. 2016ന് മുമ്പ് നാടിന്റെ അഭിമാന സ്തംഭങ്ങളായ മേഖലകൾ വലിയ തകർച്ച നേരിട്ടു. ബജറ്റിലൂടെ മാത്രം ഇത് പരിഹരിക്കാനാവില്ലെന്ന് കണ്ട് ഈ സർക്കാർ കിഫ്ബി വഴി തുക കണ്ടെത്തി. കിഫ്ബിയിലൂടെ ഇതൊന്നും നടപ്പാക്കാൻ കഴിയില്ലെന്നും മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നും ചിലർ പറഞ്ഞു. 5 വർഷം കൊണ്ട് 62,000 കോടി രൂപയുടെ വികസനം നടപ്പാക്കാനായി. ഇപ്പോൾ അത് 90,000 കോടി രൂപയായി ഉയർത്താനായി. ആരോഗ്യ മേഖലയിൽ മാത്രം കിഫ്ബിയിലൂടെ നടന്നത് 10,000 കോടിയിലധികം രൂപയുടെ വികസനമാണ്. പുതിയ സൗകര്യങ്ങൾ രോഗീ പരിചരണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. കൂടുതൽ രോഗ നിർണയത്തിനും ചികിത്സയ്ക്കും ഇവയെല്ലാം ഉപകരിക്കും. സാധാരണക്കാരന്റെ ചികിത്സാ ചെലവ് കുറയ്ക്കും.
കേരളത്തിന്റെ ആരോഗ്യ രംഗത്ത് സർക്കാർ ആശുപത്രികളും സ്വകാര്യ മേഖലയും വലിയ പങ്കു വഹിക്കുന്നു. പുതിയ പ്രവണതകൾ കടന്നു വരുന്നത് ഗൗരവമായി കാണണം. അടുത്തകാലത്തുണ്ടായ പ്രധാന പ്രവണത സ്വകാര്യ ആശുപത്രികളിൽ പേരിൽ മാറ്റം വരുത്താതെ, തലപ്പത്ത് മാറ്റം വരുത്താതെ വൻ കമ്പനികൾ വലിയ നിക്ഷേപം നടത്തുന്നു. ഇത് സദുദ്ദേശത്തോടെയല്ല. ഇതിലൂടെ ചികിത്സാ ചിലവ് വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു. ഇത് കേരളത്തിന്റെ ആരോഗ്യ രംഗത്തെ പുതിയ പ്രശ്നമാണ്. അവിടെയാണ് മെഡിക്കൽ കോളേജുകളുടെ പ്രസക്തി. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ വർധിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. ആരോഗ്യ രംഗത്തെ മാറ്റം പരിശോധിച്ചാൽ അത് മനസിലാകും. ആർദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാനായി. 1,600 കോടിയാണ് സൗജന്യ ചികിത്സ്‌ക്കായി ചെലവഴിക്കുന്നത്. വ്യത്യസ്തമായ വികസന പദ്ധതികളാണ് നടത്തി വരുന്നത്. ദേശീയ തലത്തിൽ തന്നെ വലിയ അംഗീകാരങ്ങളാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ ആശുപത്രികളുടെ സ്ഥാനത്ത് മറ്റ് ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം: മന്ത്രി വീണാ ജോർജ്
ആരോഗ്യ വകുപ്പ് രോഗശയ്യയിലാണെന്ന് ചിത്രീകരിച്ച് സർക്കാർ ആശുപത്രികൾക്ക് പകരം മറ്റ് ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുന്നത് നിർഭാഗ്യകരമായ കാര്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാർ ആശുപത്രികൾ നിലനിൽക്കേണ്ടത് സാധാരണക്കാരുടെ ആവശ്യമാണ്. അത് ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നത്. പക്ഷെ എത്രയൊക്കെ ശ്രമിച്ചാലും കൂടുതൽ ശക്തിയോടെ പ്രവർത്തിച്ച് സാധാരണക്കാരനെ ചേർത്ത് പിടിച്ചുതന്നെ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ വലിയ മുന്നേറ്റമാണ് നടത്തിയത്. ചികിത്സാ രംഗത്തും വലിയ മാറ്റമുണ്ടായി. ഒട്ടനവധി പ്രവർത്തനങ്ങൾ മെഡിക്കൽ കോളേജിൽ നടന്നു വരുന്നു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും അധികം സീറ്റുകൾ ഉണ്ടായ കാലമാണ്. ഈ സർക്കാരിന്റെ കാലത്ത് പുതിയ 2 മെഡിക്കൽ കോളേജുകളും 15 നഴ്സിംഗ് കോളേജുകളും ആരംഭിച്ചു. 80ൽ അധികം പിജി സീറ്റുകൾ നേടിയെടുത്തു. ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കാൻ കഴിഞ്ഞു.
ക്രിട്ടിക്കൽ കെയർ, ജനറ്റിക്സ്, ജീറിയാട്രിക്സ്, പീഡിയാട്രിക് ഇന്റർവെൻഷൻ ന്യൂറോളജി തുടങ്ങിയ നിരവധി പുതിയ ഡിപ്പാർട്ടുമെന്റുകൾ ആരംഭിച്ചു. എസ്.എ.ടി. അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി രാജ്യത്തെ 10 കേന്ദ്രങ്ങളിൽ ഒന്നായി. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ കെയർ പദ്ധതി ദേശീയ ശ്രദ്ധ നേടി. ആദ്യമായി സർക്കാർ മെഡിക്കൽ കോളേജ് ദേശീയ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെട്ടു. സൗജന്യ ചികിത്സയിലും വലിയ വർധനവ് ഉണ്ടായതായും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കിഫ്ബി സിഇഒ ഡോ. കെ. എം. എബ്രഹാം എന്നിവർ മുഖ്യാതിഥികളായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, കൗൺസിലർ ഡി. ആർ. അനിൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. കെ. ജബ്ബാർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സുനിൽകുമാർ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.