തൃശ്ശൂര്‍: തൃശ്ശൂരിലെ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കോൺഗ്രസ് നേതാക്കളാണ് കൂടുതൽ തെളിവുകൾ പുറത്തുവിട്ടിരിക്കുന്നത്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് കോൺഗ്രസിന്റെ മുൻ കൗൺസിലർ വത്സല ബാബുരാജ് പറയുന്നത്. ഇവരെല്ലാം ആലത്തൂർ മണ്ഡലത്തിലുള്ളവരാണ്.
മാത്രമല്ല തൊട്ടടുത്ത ബൂത്തില്‍ 38 വോട്ടുകളും ചേര്‍ത്തു. കോൺഗ്രസിന്റെ ബൂത്ത് ഏജൻറുമാർ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടർന്നാണ് ഈ വോട്ടുകൾ പോൾ ചെയ്യുന്നത് തടഞ്ഞത്. അനധികൃതമായി ചേര്‍ത്തവരില്‍ ഒരാള്‍ മാത്രമാണ് വോട്ട് ചെയ്തതെന്നാണ് അറിയാന്‍ സാധിക്കുന്നത്.
തൃശ്ശൂരിലെ പത്തോളം ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ വോട്ട് ചേര്‍ക്കല്‍ നടന്നെന്നാണ് വിവരം. സുരേഷ് ഗോപിയുടെ സഹോദരൻ ഉൾപ്പെടെ 11 പേരെ ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെ ക്രമനമ്പറിൽ ചേർത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. മാത്രമല്ല തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും ആരോപിച്ചിരുന്നു.