ലൈഫ് മിഷൻ കേസ്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇ.ഡി. സമൻസ്
ക്ലിഫ് ഹൗസിൻ്റെ വിലാസത്തിലാണ് സമൻസ് ലഭിച്ചത്

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചിരുന്നതായി റിപ്പോർട്ട്. 2023ലാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി. വിവേക് കിരണിന് നോട്ടീസ് നൽകിയത്.
നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. ക്ലിഫ് ഹൗസിൻ്റെ വിലാസത്തിലാണ് സമൻസ് ലഭിച്ചത്.
2023 ഫെബ്രുവരി 14ന് രാവിലെ 10.30-ന് ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹാജരാകാനാണ് സമൻസിൽ പറഞ്ഞിരുന്നത്. എന്നാൽ വിവേക് ഇ.ഡിക്ക് മുന്നിൽ ഹാജരായിരുന്നില്ലെന്നാണ് വിവരം. തുടർന്ന് ഇ.ഡി.യുടെ ഭാഗത്ത് നിന്ന് കൂടുതൽ നടപടികൾ ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇ.ഡി.യുടെ കൊച്ചിയിലെ അന്നത്തെ അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ആനന്ദ് ആണ് നോട്ടീസ് അയച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരൻ അറസ്റ്റിലായത് ഈ അന്വേഷണത്തിൻ്റെ ഭാഗമായിട്ടായിരുന്നു. ഈ അന്വേഷണം മുഖ്യമന്ത്രിയുടെ മകനിലേക്കുവരെ എത്തിയിരുന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇ.ഡി.യുടെ വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2018-ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിർമാണക്കരാറിൻ്റെ പേരിൽ വൻതോതിൽ കൈക്കൂലി ഇടപാട് നടന്നുവെന്നാണ് കേസ്. യു.എ.ഇയിലെ സന്നദ്ധസംഘടനയായ റെഡ് ക്രസൻ്റ് കോൺസുലേറ്റ് മുഖേന സംസ്ഥാന സർക്കാരിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകൾ നടന്നത്. നിർമാണക്കരാർ ലഭിക്കാൻ യൂണിടാക് ബിൽഡേഴ്‌സ് എന്ന സ്ഥാപനം കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും എം. ശിവശങ്കരനും നാല് കോടിയിലേറെ രൂപ കൈക്കൂലി നൽകിയെന്നാണ് ഇ.ഡി.യുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
What's Your Reaction?






