പ്യോംങ്യാംഗ്: ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ ചൈനയിലെത്തി. സംരക്ഷിത ട്രെയിനിലാണ് കിം ജോങ് ഉന്നിന്റെ യാത്ര. ബെയ്ജിങ്ങിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കുന്നതിനാണ് കിം ജോങ് ഉൻ ചൈനീസ് അതിർത്തി കടന്നത്.
ബുധനാഴ്ചയാണ് ചൈനയുടെ വിക്ടറി ഡേ പരേഡ് നടക്കുന്നത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിൻ്റെയും 1930കളിലും 40കളിലും ജപ്പാനെതിരെ ചൈന നടത്തിയ ചെറുത്ത് നിൽപ്പിൻ്റെയും ഓർമ്മയ്ക്കായി സംഘടിപ്പിച്ചിരിക്കുന്ന സൈനിക പരേഡിൽ കിം ജോങ് ഉൻ പങ്കെടുക്കും. കനത്ത സുരക്ഷയിൽ തൻ്റെ പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉൻ ചൈനയിലെത്തിയത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിൻങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടക്കമുള്ള നേതാക്കൾക്കൊപ്പമാകും കിം ജോങ് ഉൻ ആദ്യത്തെ ബഹുമുഖ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുക. മൂന്നുപേരും ആദ്യമായാണ് ഒരേ വേദിയിൽ ഒരുമിച്ചെത്തുന്നത്. 26ഓളം ലോക നേതാക്കൾ സൈനിക പരേഡിന് സാക്ഷികളാകുമെന്നാണ് റിപ്പോർട്ട്.