തിരുവനന്തപുരം: സാങ്കേതിക-ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിര വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. വിസി നിയമന പ്രക്രിയയിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ സുപ്രീം കോടതിയെ സമീപിച്ചു.
സുപ്രീം കോടതി ഉത്തരവ് പരിഷ്ക്കരണം എന്നാണ് ആവശ്യം. കൂടാതെ ഡിജിറ്റൽ – സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിൽ യു ജി സി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ചാന്‍സലറുടെ അധികാരങ്ങള്‍ സര്‍ക്കാര്‍ കവരുന്നു എന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. സെര്‍ച്ച് കമ്മിറ്റിയില്‍ കേരളത്തിന്‍റെ രണ്ട് പ്രതിനിധികളും ചാന്‍സിലറുടെ രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ അഞ്ചംഗ സമിതിക്കാണ് നേരത്തേ രൂപം നല്‍കിയിരുന്നത്. സർക്കാരിനെ പാടെ ഒഴിവാക്കാനുള്ള ഗവർണറുടെ നടപടി ഖേദകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രതികരിച്ചു.