ബീജിങ്: ഇന്ത്യ-ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഉഭയകക്ഷി ചർച്ച നടത്തി. അതിർത്തിയിലെ നിലവിലെ സാഹചര്യം സമാധാനപരമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും മോദി പറഞ്ഞു. ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ഉടൻ ആരംഭിക്കുമെന്നും കൈലാസ് മനസരോവർ യാത്ര പുനരാരംഭിച്ചുവെന്നും മോദി പറഞ്ഞു.
ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ശനിയാഴ്ചയാണ് ചൈനയിലെത്തിയത്. നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നു എന്ന് ഷി ജിൻപിങ് പറഞ്ഞു. ‘വ്യാളി- ആന’ സൗഹൃദം പ്രധാനമെന്നും നല്ല അയൽക്കാരായി തുടരേണ്ടത് അനിവാര്യമെന്നും ചൈനീസ് പ്രസിഡന്റ് അറിയിച്ചു.