മനുഷ്യ-വന്യജീവി സംഘർഷം: കേന്ദ്ര നിയമങ്ങളിൽ മാറ്റം വരുത്തണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി പി. രാജീവ്

മനുഷ്യജീവനെ സംരക്ഷിക്കുന്നതിൽ നിലവിലുള്ള നിയമവ്യവസ്ഥകൾക്ക് പരിമിതികളുണ്ട്

Aug 31, 2025 - 15:35
Aug 31, 2025 - 15:35
 0
മനുഷ്യ-വന്യജീവി സംഘർഷം: കേന്ദ്ര നിയമങ്ങളിൽ മാറ്റം വരുത്തണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ കേന്ദ്രസർക്കാർ നിലവിലുള്ള വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്നതാണ് കേരളത്തിന്റെ നിലപാടെന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ വർദ്ധിച്ചു വരുന്ന വെല്ലുവിളികളും ആശങ്കകളും പരിഹരിക്കുന്നതിനായി, ദേശീയ നിയമ സേവന അതോറിറ്റി (NALSA) യും കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെയും (KeLSA) ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30, 31 തീയതികളിൽ ‘മനുഷ്യ-വന്യജീവി സംഘർഷവും സഹവർത്തിത്വവും: നിയമ-നയപരമായ വീക്ഷണം’ എന്ന വിഷയത്തിൽ നടക്കുന്ന മേഖല സമ്മേളനം നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം വനമേഖലകൾക്കും ജനവാസ മേഖലകൾക്കും ഇടയിലുള്ള അകലം കുറവാണെന്നും, ഇത് മനുഷ്യ-വന്യജീവി സഹവർത്തിത്വത്തിൽ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യജീവനെ സംരക്ഷിക്കുന്നതിൽ നിലവിലുള്ള നിയമവ്യവസ്ഥകൾക്ക് പരിമിതികളുണ്ട്. ഒരു മൃഗം മനുഷ്യജീവന് ഭീഷണിയാകുമ്പോൾ അതിനെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സങ്കീർണ്ണവും സമയമെടുക്കുന്നതുമാണ്. ഈ നിയമപരമായ പരിമിതികൾ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് സാധാരണക്കാരെയും ഗോത്ര വിഭാഗങ്ങളെയും പോലുള്ള അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയാണ്.
 
ഈ വിഷയത്തിൽ കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. വന്യജീവി സംരക്ഷണ നിയമത്തിലെ നടപടിക്രമങ്ങൾ ലളിതമാക്കുക, വേഗത്തിലുള്ള തീരുമാനമെടുക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കൈമാറുക, മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ നിയമപരമായി നിർവചിക്കുകയും അവയെ കൈകാര്യം ചെയ്യാനുള്ള വ്യക്തമായ നടപടിക്രമങ്ങൾ ഉണ്ടാക്കുകയും ചെയ്യുക, വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ശാസ്ത്രീയ മാർഗ്ഗങ്ങൾ കണ്ടെത്തുക, മനുഷ്യജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളിൽ, ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ നിയന്ത്രണ മേഖലകളായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുക എന്നിവയാണ് പ്രമേയത്തിലെ ആവശ്യങ്ങൾ. കേന്ദ്ര നിയമങ്ങളിലെ പരിമിതികൾക്കിടയിലും, കേരളം പ്രശ്‌നം പരിഹരിക്കാൻ മുൻകൈയെടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
 
ദുരന്തനിവാരണ അതോറിറ്റി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ സമഗ്രമായ ഒരു പദ്ധതി നടപ്പാക്കി വരുന്നു. സംഘർഷസാധ്യതാ മേഖലകളിൽ വിഭവങ്ങൾ എത്തിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, സംഘർഷബാധിത പ്രദേശങ്ങളിൽ വിശദമായ പഠനം നടത്തി വന്യജീവി മാനേജ്മെന്റ് തന്ത്രങ്ങൾ പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.
 
ഈ സമ്മേളനത്തിലെ ചർച്ചകൾ മനുഷ്യജീവനും ജൈവവൈവിധ്യവും തമ്മിൽ സുരക്ഷിതമായ ഒരു സന്തുലിതാവസ്ഥ കണ്ടെത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും കേരള ലീഗൽ സർവീസസ് അതോറിറ്റി രക്ഷാധികാരിയായ ജസ്റ്റിസ് നിതിൻ ജാംദാർ , സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് എം.എം. സുന്ദരേശ് , ജസ്റ്റിസ് ബി.വി. നാഗരത്‌ന, സുപ്രീം കോടതി ജഡ്ജിയും എസ്.സി.എൽ.എസ്.സി. ചെയർമാനുമായ ജസ്റ്റിസ് വിക്രം നാഥ്, കേരള ഹൈക്കോടതി ജഡ്ജിയും കേരള ലീഗൽ സർവീസസ് എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ്, ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ. വെങ്കടരമണി എന്നിവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow