ഫിലിപ്പീൻസിൽ മാലിന്യമല ഇടിഞ്ഞുവീണ് അപകടം; നാല് മരണം, 34 പേരെ കാണാതായി

അപകടസമയത്ത് 110 ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു

Jan 10, 2026 - 21:49
Jan 10, 2026 - 21:49
 0
ഫിലിപ്പീൻസിൽ മാലിന്യമല ഇടിഞ്ഞുവീണ് അപകടം; നാല് മരണം, 34 പേരെ കാണാതായി

മനില: മധ്യ ഫിലിപ്പീൻസിലെ സെബു നഗരത്തിന് പുറത്തുള്ള സ്വകാര്യ മാലിന്യനിക്ഷേപ കേന്ദ്രം തകർന്നുണ്ടായ അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ചയും തുടരുന്ന രക്ഷാപ്രവർത്തനത്തിൽ നിരവധി പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച വൈകീട്ടോടെ ബിനലിവിൽ സ്ഥിതിചെയ്യുന്ന ബിസിനസ്സ് പാർക്കിന് സമീപമുള്ള മാലിന്യ കേന്ദ്രത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

അപകടസമയത്ത് 110 ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ഇതിൽ 34 പേരെ ഇനിയും കണ്ടെത്താനുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് പോലീസ് നൽകുന്ന സൂചന. ഇതുവരെ 12 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കനത്ത മാലിന്യക്കൂമ്പാരത്തിനടിയിൽ പെട്ടവരെ പുറത്തെടുക്കാൻ വലിയ ക്രെയിനുകൾ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ എത്തുന്നതിനായി രക്ഷാപ്രവർത്തകർ കാത്തിരിക്കുകയാണ്.

മാലിന്യകേന്ദ്രത്തിന്റെ ഒരു പ്രധാന ഭാഗം പെട്ടെന്ന് ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണമായത്. ഈ മലയോര പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്വകാര്യ കേന്ദ്രത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow