ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ച; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ

പാസ്‌വേഡ് റീസെറ്റ് ഓപ്ഷൻ ദുരുപയോഗം ചെയ്ത് അക്കൗണ്ട് തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ട്

Jan 10, 2026 - 21:14
Jan 10, 2026 - 21:15
 0
ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ച; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ നിന്ന് കോടിക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷാ ഗവേഷണ സ്ഥാപനമായ മാൽവെയർബൈറ്റ്‌സ് ആണ് 1.75 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ പക്കലെത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

ഹാക്കർമാരുടെ ഫോറങ്ങളിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്ന ഡാറ്റയിൽ താഴെ പറയുന്ന വിവരങ്ങൾ ഉൾപ്പെടുന്നു: യൂസർ നെയിം, പൂർണ്ണരൂപത്തിലുള്ള പേര്, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, 
ഭാഗികമായ മേൽവിലാസങ്ങൾ. ഈ വിവരങ്ങൾ ഉപയോഗിച്ച് സൈബർ ക്രിമിനലുകൾ പലവിധത്തിലുള്ള തട്ടിപ്പുകൾക്ക് മുതിരാൻ സാധ്യതയുണ്ടെന്ന് മാൽവെയർബൈറ്റ്‌സ് മുന്നറിയിപ്പ് നൽകുന്നു.

പാസ്‌വേഡ് റീസെറ്റ് ഓപ്ഷൻ ദുരുപയോഗം ചെയ്ത് അക്കൗണ്ട് തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇമെയിൽ വഴിയും ഫോൺ സന്ദേശങ്ങൾ വഴിയും വ്യാജ ലിങ്കുകൾ അയച്ച് പണം തട്ടാൻ സാധ്യതയുണ്ട്. വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരാളായി ചമഞ്ഞ് തട്ടിപ്പുകൾ നടത്താം.

സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 2024-ൽ ഇൻസ്റ്റഗ്രാമിന്റെ എപിഐ സിസ്റ്റത്തിലുണ്ടായ ചോർച്ചയിലൂടെ ലഭിച്ച വിവരങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

അനാവശ്യമായി ലഭിക്കുന്ന പാസ്‌വേഡ് റീസെറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. അക്കൗണ്ടിന്റെ സുരക്ഷയ്ക്കായി ടു-ഫാക്ടർ ഓതന്റിക്കേഷൻ ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കാനും പാസ്‌വേഡ് മാറ്റാനും സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow