കേരളത്തിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി വോട്ടർമാർ
2025 ഒക്ടോബറിലെ പട്ടികയിൽ ഉണ്ടായിരുന്ന വോട്ടർമാരിൽനിന്ന് ഏകദേശം 9 ലക്ഷത്തോളം പേർ ഒഴിവാക്കപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ അന്തിമ വോട്ടർ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രസിദ്ധീകരിച്ചു. സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ (SIR) നടപടികൾക്ക് ശേഷമാണ് പട്ടിക പുറത്തുവിട്ടത്. 2025 ഒക്ടോബറിലെ പട്ടികയിൽ ഉണ്ടായിരുന്ന വോട്ടർമാരിൽനിന്ന് ഏകദേശം 9 ലക്ഷത്തോളം പേർ ഒഴിവാക്കപ്പെട്ടു.
പുതുക്കിയ വോട്ടർ പട്ടികയിലെ പ്രധാന കണക്കുകൾ പ്രകാരം, ആകെ വോട്ടർമാർ: 2,69,53,644, സ്ത്രീകൾ: 1,38,27,319, പുരുഷന്മാർ: 1,31,26,048, കന്നി വോട്ടർമാർ (18-19 വയസ്സ്): 4,24,518, പ്രവാസി വോട്ടർമാർ: 2,23,558, ട്രാൻസ്‌ജെൻഡർ വോട്ടർമാർ: 277, സർവീസ് വോട്ടർമാർ: 54,110, 85 വയസ്സിനു മുകളിലുള്ളവർ: 2,04,608 എന്നിങ്ങനെയാണ്.
മരിച്ചവർ, താമസം മാറിയവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവരെ നീക്കം ചെയ്തും പുതിയ അപേക്ഷകരെ ഉൾപ്പെടുത്തിയുമാണ് പട്ടിക തയ്യാറാക്കിയത്. ഒക്ടോബറിലെ കരട് പട്ടികയിൽ 2.78 കോടി പേർ ഉണ്ടായിരുന്നെങ്കിലും വിപുലമായ ഹിയറിംഗിനും പരിശോധനകൾക്കും ശേഷം അർഹരായ 15 ലക്ഷത്തോളം പേരെ പുതുതായി ഉൾപ്പെടുത്തിയാണ് 2.69 കോടിയിലേക്ക് പട്ടിക ക്രമീകരിച്ചത്.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ചില പരാതികളും ഉയരുന്നുണ്ട്. ഒരേ കുടുംബത്തിലുള്ളവരുടെ വോട്ടുകൾ വിവിധ ബൂത്തുകളിലേക്ക് മാറിപ്പോയെന്നതാണ് പ്രധാന ആക്ഷേപം. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചുവെങ്കിലും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് വരെ പുതിയ വോട്ടർമാർക്ക് അപേക്ഷ നൽകാവുന്നതാണ്. വോട്ടർമാർക്ക് തങ്ങളുടെ പേര് പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ electoralsearch.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
What's Your Reaction?