ലാബ് ചോർച്ചയിൽ നിന്ന് കോവിഡ് പകർച്ചവ്യാധി ഉണ്ടാവാൻ 'തീരെ സാധ്യതയില്ല': ചൈന
China

ബീജിംഗ്: കോവിഡ് -19 വൈറസ് സ്വാഭാവികമായി പകരുന്നതിനേക്കാൾ ഒരു ലബോറട്ടറിയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന യു.എസ്. സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി (സി.ഐ.എ) പറഞ്ഞതിന് ശേഷം മറുവാദവുമായി ചൈന രംഗത്ത്. ലാബ് ചോർച്ചയിൽ നിന്ന് കോവിഡ് പകർച്ചവ്യാധി ഉണ്ടാവാൻ 'തീരെ സാധ്യതയില്ല' എന്ന് ചൈന തിങ്കളാഴ്ച പറഞ്ഞു.
വുഹാനിലെ പ്രസക്തമായ ലബോറട്ടറികൾ സന്ദർശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ചൈന-ഡബ്ല്യു.എച്ച്.ഒ സംയുക്ത വിദഗ്ധ സംഘം ലബോറട്ടറി ചോർച്ചയ്ക്ക് സാധ്യതയില്ലെന്ന നിഗമനത്തിൽ എത്തിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.
"ഇത് അന്താരാഷ്ട്ര സമൂഹവും ശാസ്ത്ര സമൂഹവും വ്യാപകമായി അംഗീകരിച്ചിട്ടുണ്ട്," അവർ കൂട്ടിച്ചേർത്തു.
അതേസമയം മൃഗങ്ങളിൽ നിന്ന് പകരുന്നതിനേക്കാൾ ചൈനീസ് ലാബിൽ നിന്നാണ് വൈറസ് ചോർന്നതെന്ന് ശനിയാഴ്ച സി.ഐ.എ പറഞ്ഞു.
ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാം വൈറ്റ് ഹൗസ് ഭരണകൂടത്തിന് കീഴിൽ സി.ഐ.എ ഡയറക്ടറായി ജോൺ റാറ്റ്ക്ലിഫ് കഴിഞ്ഞ ആഴ്ച സ്ഥാനം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ വിലയിരുത്തൽ.
“ലഭ്യമായ റിപ്പോർട്ടിംഗിനെ അടിസ്ഥാനമാക്കി പ്രകൃതിദത്ത ഉത്ഭവത്തേക്കാൾ കോവിഡ് -19 പാൻഡെമിക്കിൻ്റെ ഗവേഷണവുമായി ബന്ധപ്പെട്ട ഉത്ഭവത്തിനാണ് കൂടുതൽ സാധ്യത എന്ന് സി.ഐ.എ കുറഞ്ഞ ആത്മവിശ്വാസത്തോടെ വിലയിരുത്തുന്നു,” സി.ഐ.എ വക്താവ് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
"ഉത്ഭവം കണ്ടെത്തുന്നതിനുള്ള പ്രശ്നം രാഷ്ട്രീയവൽക്കരിക്കുകയും ഉപകരണവൽക്കരിക്കുകയും ചെയ്യുന്നത് നിർത്താൻ" ബീജിംഗ് തിങ്കളാഴ്ച അമേരിക്കയോട് ആവശ്യപ്പെട്ടു.
വാഷിംഗ്ടൺ "മറ്റ് രാജ്യങ്ങളിലേക്ക് കുറ്റം ചുമത്തുന്നത് നിർത്തുകയും (കൂടാതെ) അന്താരാഷ്ട്ര സമൂഹത്തിൻ്റെ ന്യായമായ ആശങ്കകളോട് എത്രയും വേഗം പ്രതികരിക്കുകയും വേണം" എന്ന് മാവോ പറഞ്ഞു.
What's Your Reaction?






