ബീജിംഗ്: ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ ഇന്ത്യ. നാളെമുതൽ ചൈനീസ് പൗരൻ മാർക്ക് വിസ അനുവദിക്കും. അഞ്ച് വർഷത്തിന് ശേഷമാണ് ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നൽകാനൊരുങ്ങുന്നത്.
ഗാൽവൻ സംഘർഷത്തെ തുടർന്നാണ് ചൈനക്കാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തി വച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. ചൈനയിലെ ഇന്ത്യൻ എംബസിയുടെ പോസ്റ്റ് ചൈനീസ് മാധ്യമമായ ദി ഗ്ലോബൽ ടൈംസ് പങ്കുവച്ചു. നാളെ മുതൽ വിസ നൽകുമെന്നാണ് ചൈനയിലെ എംബസി നൽകുന്ന വിവരം.
വെബ് ലിങ്കിൽ ഓൺലൈനായി വിസ അപേക്ഷാ ഫോം പൂരിപ്പിക്കണം. പാസ്‌പോർട്ട്, വിസ അപേക്ഷാ ഫോം, മറ്റ് അനുബന്ധ രേഖകൾ എന്നിവയാണ് ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമുള്ള രേഖകളെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ പോസ്റ്റിൽ പറയുന്നു.