ഹാനോയ്: വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ 34 പേർ മരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. 8 പേരെ കാണാതായി. രക്ഷാപ്രവർത്തകർ എട്ട് കുട്ടികളെയുൾപ്പടെ 34 മൃതദേഹങ്ങൾ കണ്ടെടുത്തതായും 11 പേരെ രക്ഷപ്പെടുത്തിയതായും പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വിയറ്റ്നാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടം നടന്നത്. വണ്ടർ സീസ് എന്ന ബോട്ടില്‍ 48 ടൂറിസ്റ്റുകളും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 53 പേര്‍ ഉണ്ടായിരുന്നു.
വിനോദസഞ്ചാരികൾ ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. അപകടകാരണം അധികൃതർ അന്വേഷിക്കുകയും നിയമ ലംഘനങ്ങൾ കർശനമായി കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.