വയറ്റിൽ ശസ്ത്രക്രിയ കത്രിക കണ്ടെത്തിയ സംഭവം:  ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിനിടെ ഇരച്ചുകയറി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകര്‍

പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി

Feb 20, 2026 - 11:54
Feb 20, 2026 - 11:54
 0
വയറ്റിൽ ശസ്ത്രക്രിയ കത്രിക കണ്ടെത്തിയ സംഭവം:  ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിനിടെ ഇരച്ചുകയറി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകര്‍

ആലപ്പുഴ: പുന്നപ്ര സ്വദേശിനിയുടെ വയറ്റിൽ ശസ്ത്രക്രിയ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി എത്തിയ മെഡിക്കൽ കോളേജ് അധികൃതരുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പ്രിൻസിപ്പലും സൂപ്രണ്ടും സംസാരിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി വേദിയിലേക്ക് ഇരച്ചുകയറി.

വാർത്താസമ്മേളനം നടക്കുമ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറിയിരുന്നു.

പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജിന് പുറത്തും വലിയ പ്രതിഷേധം നടന്നു. മന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്നും പ്രവർത്തകർ പ്രഖ്യാപിച്ചു.

അഞ്ച് വർഷം മുൻപ് ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും പകരം ഡോ. ഷാഹിദയാണെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറും സൂപ്രണ്ട് ഡോ. ഹരികുമാറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് സേവനം അനുഷ്ഠിക്കുന്നത്. ശസ്ത്രക്രിയ നടന്ന കാലയളവിലെ വിവരങ്ങൾ പുറത്തുവിട്ടതോടെ വരും ദിവസങ്ങളിലും ഈ വിഷയത്തിൽ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow