ഏപ്രിൽ 30ന് മുമ്പ് വയനാട് ദുരന്തബാധിതർക്ക് വീട് കൈമാറും; ലക്ഷ്യം വോട്ടല്ല, ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കൽ, മന്ത്രി കെ രാജൻ
തൃശ്ശൂർ : വയനാട് പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുമെന്നാവർത്തിച്ച് റവന്യു മന്ത്രി കെ രാജൻ. ഏപ്രിൽ 30ന് മുമ്പ് എല്ലാവർക്കും വീട് കൈമാറും. ദുരന്തബാധിതരുടെ കുടുംബത്തിൽ ഒരാൾക്കെങ്കിലും ഏതെങ്കിലും തൊഴിൽ സംരംഭത്തിൽ പങ്കാളികളാകാനുള്ള അവസരം ഒരുക്കും. കടമുറികൾ നഷ്ടപ്പെട്ടവർക്കും, കച്ചവടക്കാർക്കും പുന:രധിവാസത്തിന് നടപടി തുടങ്ങിയെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
വോട്ട് ലക്ഷ്യം വച്ചുള്ള പുനരധിവാസമല്ല വയനാട്ടിൽ നടന്നത്. ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കലാണ്. വീടുകൾ നിർമ്മിച്ച കൈമാറും വരെ ദുരിതബാധിതർക്ക് വാടക ഇനത്തിൽ നൽകുന്ന തുക തുടരുമെന്നും റവന്യു മന്ത്രി വ്യക്തമാക്കി. ദുരന്തബാധിതർക്ക് വീട് നിർമ്മിച്ച് നൽകുന്നത്, സർക്കാരിന് ഏതെങ്കിലും തട്ടുകേടുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മറയല്ല. വയനാട് പുനരധിവാസത്തിൽ ലാഭനഷ്ടത്തിന്റെ കണക്കില്ല. എല്ലാം നഷ്ടപ്പെട്ട ചൂരൽമലക്കാരോടുള്ള ബാധ്യത നിറവേറ്റാൻ കഴിഞ്ഞുവെന്ന സംതൃപ്തിയാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
What's Your Reaction?



