രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; കേന്ദ്ര ഏജൻസിയോ യുപി സർക്കാരോ അന്വേഷിക്കണം
വിദേശ പൗരത്വം മറച്ചുവെച്ച് രാഹുൽ ജനപ്രതിനിധിയായി തുടരുന്നുവെന്ന ഹർജിയിലെ വാദം ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു
ന്യൂഡൽഹി/ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി പ്രവർത്തകൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ നിർണ്ണായകമായ ഈ ഇടപെടൽ.
വിദേശ പൗരത്വം മറച്ചുവെച്ച് രാഹുൽ ജനപ്രതിനിധിയായി തുടരുന്നുവെന്ന ഹർജിയിലെ വാദം ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. രാഹുൽ ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങൾ ഉത്തർപ്രദേശ് സർക്കാർ നേരിട്ടോ അല്ലെങ്കിൽ ഒരു കേന്ദ്ര ഏജൻസി മുഖേനയോ അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു.
കർണാടക സ്വദേശിയായ ബിജെപി പ്രവർത്തകൻ എസ്. വിഘ്‌നേഷ് ശിശിറാണ് കോടതിയെ സമീപിച്ചത്. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം പൗരത്വ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ലഖ്‌നൗവിലെ പ്രത്യേക കോടതി നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ആദ്യം റായ്ബറേലിയിലെ കോടതിയിലായിരുന്ന കേസ് 2025 ഡിസംബറിലാണ് ഹൈക്കോടതി നിർദേശപ്രകാരം ലഖ്‌നൗവിലേക്ക് മാറ്റിയത്. അവിടെ നിന്ന് ഹർജി തള്ളിയതോടെയാണ് വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വിഷയത്തിൽ വ്യക്തമായ അന്വേഷണം അനിവാര്യമാണെന്ന് ഇപ്പോൾ ഹൈക്കോടതി നിരീക്ഷിച്ചിരിക്കുകയാണ്.
What's Your Reaction?