വാഷിംഗ്ടണ്‍: പ്രശസ്ത ടിക് ടോക് താരം ഖാബി ലേം അമേരിക്ക വിട്ടു. വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നതിന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെൻ്റ് (ഐസിഇ) തടഞ്ഞുവെച്ചതിനു പിന്നാലെയാണ് താരം അമേരിക്ക വിട്ടത്.
ഇദ്ദേഹത്തെ വെള്ളിയാഴ്ച ഹാരി റീഡ് ഇന്‍റർനാഷണൽ എയർപോർട്ടിൽ തടഞ്ഞുവെച്ചതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) സ്ഥിരീകരിച്ചു. സെനഗലിൽ ജനിച്ച ഇറ്റാലിയൻ ഇൻഫ്ലുവൻസറാണ് സെറിംഗ് ഖബാനെ ലാം എന്ന മുഴുവൻ പേരുള്ള ഖാബി ലെയിം. ഖാബി ഏപ്രില്‍ മുപ്പതിനാണ് അമേരിക്കയിലെത്തിയത്.
അദ്ദേഹം വിസ നിബന്ധനകൾ ലംഘിച്ചുവെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ ആറിന് ഐസിഇ ഖാബിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്വമേധയാ രാജ്യം വിടാൻ അനുമതി നൽകിയെന്നും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് അറിയിച്ചു. ഇതോടെ ഖാബി യുഎസ് വിട്ടു. എന്നാല്‍, ഈ വിഷയത്തില്‍ ഖാബി ലാം പ്രതികരിച്ചിട്ടില്ല.