ശബരിമല യുവതീപ്രവേശനത്തിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റി; ആചാരങ്ങൾ സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയെ അറിയിക്കും
വിശ്വാസികൾക്കൊപ്പം നിൽക്കാനും പാരമ്പര്യ ആചാരങ്ങൾ നിലനിർത്താനുമാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2018-ലെ സുപ്രീം കോടതി വിധിയെ പിന്തുണച്ചിരുന്ന മുൻനിലപാടിൽ നിന്ന് പിന്മാറി, ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന വിശ്വാസികളുടെ പക്ഷത്തേക്ക് ബോർഡ് ഔദ്യോഗികമായി ചുവടുമാറ്റി.
വിശ്വാസികൾക്കൊപ്പം നിൽക്കാനും പാരമ്പര്യ ആചാരങ്ങൾ നിലനിർത്താനുമാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ ഈ പുതിയ നിലപാട് സത്യവാങ്മൂലമായി സമർപ്പിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു.
ശബരിമലയിലെ കാലാകാലങ്ങളായുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ് ബോർഡിന്റെ പ്രാഥമിക ലക്ഷ്യമെന്ന് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. 2018-ലെ യുവതീപ്രവേശന വിധിയെ ഇനി ബോർഡ് പിന്തുണയ്ക്കില്ല. മറിച്ച്, സ്ത്രീപ്രവേശന നിയന്ത്രണം തുടരണമെന്ന നിലപാട് കോടതിയെ അറിയിക്കും.
വിഷയത്തിൽ എല്ലാ കക്ഷികളും മാർച്ച് 15-നകം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേർന്ന് ബോർഡ് മലക്കംമറിഞ്ഞത്. 2020-ൽ പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ, യുവതീപ്രവേശന വിധി ശരിവെക്കുന്ന നിലപാടായിരുന്നു ബോർഡ് അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ വിശ്വാസികളുടെ വികാരം മാനിക്കാനും വിധി പുനഃപരിശോധിക്കണം എന്ന നിലപാടിലേക്ക് നീങ്ങാനുമാണ് ബോർഡിന്റെ തീരുമാനം. ദേവസ്വം ബോർഡ് രൂപീകൃതമായത് തന്നെ ആചാരങ്ങൾ സംരക്ഷിക്കാനാണെന്ന വാദമാണ് ഇപ്പോൾ ബോർഡ് ഉയർത്തുന്നത്.
What's Your Reaction?