പാകിസ്ഥാനിൽ സുരക്ഷാ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്തു ബലൂച് സൈന്യം

ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 90 പേർ കൊല്ലപ്പെട്ടുവെന്ന് പ്രസ്താവിച്ചു.

Mar 16, 2025 - 17:05
 0  8
പാകിസ്ഥാനിൽ സുരക്ഷാ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്തു ബലൂച് സൈന്യം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ അസ്വസ്ഥമായ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ഞായറാഴ്ച സുരക്ഷാ സേന സഞ്ചരിച്ചിരുന്ന ബസിന് സമീപം റോഡരികിലെ ഒരു ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ബലൂചിസ്ഥാനിലെ നൗഷ്കി ജില്ലയിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക പോലീസ് മേധാവി സഫർ സമാനാനി പറഞ്ഞു.

സ്ഫോടനത്തിൽ സമീപത്തുള്ള മറ്റൊരു ബസിനും സാരമായ കേടുപാടുകൾ സംഭവിച്ചു. മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു.

അതേസമയം ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 90 പേർ കൊല്ലപ്പെട്ടുവെന്ന് പ്രസ്താവിച്ചു.

രക്ഷൻ മില്ലിന് സമീപം ആർ‌.സി‌.ഡി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന് നേരെ വാഹനം കയറ്റി ചാവേർ ബോംബ് സ്‌ഫോടനം നടത്തിയതായി സംഘം പ്രസ്താവനയിൽ പറഞ്ഞു.

സ്ഫോടനത്തിൽ എട്ട് ബസുകളിൽ ഒന്ന് പൂർണ്ണമായും തകർന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

പിന്നീട് തങ്ങളുടെ പോരാളികൾ മറ്റൊരു ബസ് വളഞ്ഞതായും അതിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും കൊലപ്പെടുത്തിയതായും സംഘം അവകാശപ്പെട്ടു.

മരണസംഖ്യയുടെ ആകെ എണ്ണം സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ദിവസങ്ങൾക്ക് മുമ്പ് 400 ഓളം യാത്രക്കാരുമായി പോയ ഒരു ട്രെയിൻ തട്ടിക്കൊണ്ടുപോയ നിരോധിത ബി‌.എൽ‌.എയുടെ തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമാണ് ഈ ആക്രമണം.

സുരക്ഷാ സേന പ്രത്യാക്രമണം ആരംഭിക്കുന്നതിന് മുമ്പ് തീവ്രവാദികൾ ഏകദേശം 30 ബന്ദികളെ കൊലപ്പെടുത്തി. സേന 33 ആക്രമണകാരികളെയും വധിച്ചു.

എണ്ണയും ധാതുക്കളും കൊണ്ട് സമ്പന്നമായ ബലൂചിസ്ഥാൻ പാകിസ്ഥാനിലെ ഏറ്റവും വലുതും ജനസംഖ്യ കുറഞ്ഞതുമായ പ്രവിശ്യയാണ്. ബലൂച് വംശജർ കേന്ദ്ര സർക്കാരിനെതിരെ വിവേചനം ആരോപിച്ചുവരുന്നു. മറുവശത്തു ഇസ്ലാമാബാദ് ഈ ആരോപണം നിഷേധിക്കുന്നു.

ബലൂച് ലിബറേഷൻ ആർമി കേന്ദ്ര സർക്കാരിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow