ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽ, ഒപ്പം വിനായകനും; ഒസ്‌ലർ ടീമിൻ്റെ രണ്ടാമത്തെ ചിത്രം ആരംഭിച്ചു

ലളിതമായ ചടങ്ങിൽ പ്രശസ്ത നടൻ സണ്ണി വെയ്ൻ സ്വിച്ചോൺ കർമ്മവും സരിതാ ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകി കൊണ്ട് സിനിമയുടെ തുടക്കം കുറിച്ചു.

Mar 16, 2025 - 16:32
Mar 16, 2025 - 16:32
 0  12
ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽ, ഒപ്പം വിനായകനും; ഒസ്‌ലർ ടീമിൻ്റെ രണ്ടാമത്തെ ചിത്രം ആരംഭിച്ചു

കൊച്ചി: മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമയും ചെയ്യാതെ മനസ്സും ശരീരവും കത്തനാറിനു
വേണ്ടി സമർപ്പിച്ച ജയസൂര്യ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.

കത്തനാറിൻ്റെ ചിത്രീകരണം പൂർത്തിയാക്കി മറ്റൊരു കഥാപാത്രമാകാൻ സാവകാശം ഉൾക്കൊണ്ടാണ് പുതിയ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ജയസൂര്യ ക്യാമറയ്ക്കു മുന്നിലെത്തിയത്. ഇന്നലെ കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയേറ്ററിലായിരുന്നു പേരിടാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

ലളിതമായ ചടങ്ങിൽ പ്രശസ്ത നടൻ സണ്ണി വെയ്ൻ സ്വിച്ചോൺ കർമ്മവും സരിതാ ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകി കൊണ്ട് സിനിമയുടെ തുടക്കം കുറിച്ചു. സാഹിത്യകാരി ശ്രീകലാ എസ്. മോഹൻ ആദ്യ ഭദ്രദീപം തെളിയിച്ചിരുന്നു. കലാപരമായും സാമ്പത്തികമായും, മികച്ച വിജയം നേടിയ അനുഗ്രഹീതൻ ആൻ്റണി  എന്ന ചിത്രം സംവിധാനം ചെയ്ത പ്രിൻസ് ജോയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും ജയറാമും മുഖ്യ വേഷങ്ങളിലഭിനയിച്ച് വിജയം നേടിയ അബ്രഹം ഒസ്ലർ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിൻ്റെ ബാനറിൽ മിഥുൽ മാനുവൽ തോമസ്സും ഇർഷാദ് എം. ഹസ്സനും ചേർന്ന് നേരമ്പോക്ക് ഫിലിംസിൻ്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു.

ജയസൂര്യ - വിനായകൻ കോംബോ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകം സൃഷ്ടിക്കാൻ പോന്നതാണ്. ആ കൗതുകം നിലനിർത്തിക്കൊണ്ടു തന്നെയാണ് അണിയറ പ്രവർത്തകർ ഈ ചിത്രത്തെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.

ഫാൻ്റെസി കോമഡി ജോണറിലുള്ളതാണ് ഈ ചിത്രം. സമൂഹത്തിലെ സാധാരണക്കാരായവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ. അവരുടെ ജീവിത പശ്ചാത്തലത്തിലൂടെ പൂർണ്ണമായും നർമ്മത്തിൻ്റെ പാതയിലൂടയാണ് ചിത്രത്തിൻ്റെ കഥാ സഞ്ചാരം.

ജയസൂര്യ, വിനായകൻ എന്നിവർക്കു പുറമേ പ്രശസ്ത റാപ് സിംഗർ ബേബിജീൻ ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നു.

ജയിംസ് സെബാസ്റ്റ്യനാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- ഷാൻ റഹ്മാൻ.
ഛായാഗ്രഹണം- വിഷ്ണുശർമ്മ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈനർ- അരുൺ വെഞ്ഞാറമ്മൂട്.
കലാസംവിധാനം- മഹേഷ് പിറവം.
മേക്കപ്പ്- റോണക്സ് സേവ്യർ.
കോസ് സ്റ്റ്യും ഡിസൈൻ- സിജി നോബിൾ തോമസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്.
ആക്ഷൻ- ഫീനിക്സ് പ്രഭു.
ഡിസൈൻ- യെല്ലോ ടൂത്ത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്- സുനിൽ സിംഗ്, സജിത് പി.വൈ.
പ്രൊഡക്ഷൻ മാനേജർ - നജീർ നസീം.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാജേഷ് സുന്ദരം.
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.
പി.ആർ.ഒ- വാഴൂർ ജോസ്.
ഫോട്ടോ- സുഹൈബ് എസ്.ബി.കെ.

കൊച്ചിയിലും കൊല്ലത്തുമായി  ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow