ഒന്നര വയസുകാരന്റെ മരണം: അഖിലയുടെ തമിഴ്‌നാട് യാത്ര കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി

Jun 2, 2026 - 16:50
Jun 2, 2026 - 16:50
 0
ഒന്നര വയസുകാരന്റെ മരണം: അഖിലയുടെ തമിഴ്‌നാട് യാത്ര കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് തമിഴ്‌നാട്ടിലേക്കും എത്തുകയാണ് പോലീസ്. കൊലപാതകം നടന്നതായി കരുതുന്ന ദിവസം അമ്മ അഖില നാഗർകോവിലിൽ എത്തിയിരുന്നോയെന്ന കാര്യമാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. 

ഇതിനായി നെടുമങ്ങാട് പോലീസ് സംഘം നാഗർകോവിലിലേക്ക് തിരിച്ചിട്ടുണ്ട്.

സംഭവദിവസം നാഗർകോവിലിൽ നടന്ന ഒരു ഡാൻസ് പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് അഖില പോലീസിന് നൽകിയ മൊഴി. 

എന്നാൽ അഖിലയുടെ പതിവ് തമിഴ്‌നാട് യാത്രകളിലും അന്വേഷണ സംഘത്തിന് സംശയമുണ്ട്.

ഈ യാത്രകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

അർഷിദിന്റെ മരണകാരണം നെഞ്ചിലേറ്റ അതിശക്തമായ ചവിട്ടാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഈ ആക്രമണത്തിൽ കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകൾ ഒടിയുകയും ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതായി പോലീസ് കോടതിയെ അറിയിച്ചു. 

കൂടാതെ തലയ്ക്കേറ്റ പരിക്കിനെ തുടർന്ന് അഞ്ച് ഭാഗങ്ങളിൽ നീർക്കെട്ട് രൂപപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ അമ്മ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്.

അതേസമയം, അഖിലയുടെ സുഹൃത്തായ അഷ്‌കറിനെതിരെ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്.

വിവാഹ വാഗ്ദാനം നൽകി സ്ത്രീകളിൽ നിന്ന് പണം തട്ടിയെന്ന പരാതികളും പോലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്.

ചോറ് കഴിക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിച്ചുവെന്ന വിശദീകരണത്തോടെയാണ് അഷ്‌കർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ പോസ്റ്റ്മോർട്ടത്തിൽ നെഞ്ചിലേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി.

ശരീരമാകെ പൊള്ളലുകളും മർദനമേറ്റ പാടുകളും ഉൾപ്പെടെ നൂറോളം പരിക്കുകൾ ഉണ്ടായിരുന്നുവെന്നും, അതിൽ പലതും പഴക്കമുള്ള മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അഷ്‌കർ കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. 

ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചുവെന്നും, അതിന് ശേഷമാണ് കുഞ്ഞ് ബോധരഹിതനായതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

 പ്രാഥമിക ചോദ്യം ചെയ്യലിൽ കുഞ്ഞിനെ അഷ്‌കർ നിരന്തരം മർദിച്ചിരുന്നതായി അഖിലയും സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow