ഹരിപ്പാട് നവജാത ശിശു ഉപേക്ഷിച്ച കേസ്: കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ, നിയമനടപടികൾ തടസമാകുന്നു

Jun 2, 2026 - 17:21
Jun 2, 2026 - 17:23
 0
ഹരിപ്പാട് നവജാത ശിശു ഉപേക്ഷിച്ച കേസ്: കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ, നിയമനടപടികൾ തടസമാകുന്നു

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനൽവഴി പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ തനിക്ക് തിരികെ ലഭിക്കണമെന്ന ആവശ്യവുമായി പത്തൊൻപതുകാരിയായ അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) അധികൃതരെ സമീപിച്ചു. എന്നാൽ നിലവിലെ നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ കാരണം ഉടൻ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറാൻ സാധിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഏറ്റെടുക്കാനായി CWC ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് യുവതി തന്റെ നിലപാട് മാറ്റി കുഞ്ഞിനെ തിരികെ വേണമെന്ന് അറിയിച്ചത്. ആദ്യ ദിവസങ്ങളിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ താൽപര്യമില്ലെന്നായിരുന്നു യുവതിയുടെ നിലപാട്. എന്നാൽ തുടർച്ചയായ കൗൺസലിംഗിനൊടുവിൽ കുഞ്ഞിനെ വളർത്താൻ ആഗ്രഹിക്കുന്നതായി അവർ വ്യക്തമാക്കിയെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം, കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്ന കേസ് നിലവിലുള്ള സാഹചര്യത്തിൽ കുട്ടിയെ ഉടൻ അമ്മയുടെ സംരക്ഷണത്തിലേക്ക് വിടുന്നതിന് നിയമപരമായ തടസങ്ങളുണ്ടെന്ന് CWC വ്യക്തമാക്കി. തുടർന്ന് കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് താൽക്കാലിക സംരക്ഷണത്തിനായി മാറ്റിയിട്ടുണ്ട്.

താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് യുവതി നേരത്തെ നൽകിയ മൊഴി. അവിവാഹിതയായ യുവതി മാനഹാനി ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടുന്നു. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്തുവരികയായിരുന്ന യുവതി അവിടെ പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും, എന്നാൽ അടുത്തകാലത്തായി ബന്ധമില്ലെന്നും മൊഴി നൽകിയിട്ടുണ്ട്. ഗർഭധാരണമോ പ്രസവമോ സംബന്ധിച്ച വിവരങ്ങൾ അയാൾക്ക് അറിയില്ലെന്നാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്.

മെയ് 25-നാണ് വയറുവേദനയെ തുടർന്ന് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് നവജാത ശിശുവിനെ ജനൽവഴി പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന് പിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ ചികിത്സ ലഭ്യമാക്കിയതോടെ പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി.

What's Your Reaction?

like

dislike

love

funny

angry

sad

wow