മെക്സിക്കോയുടെ വൻമതിൽ വീണ്ടും ലോകകപ്പിൽ; ചരിത്രം കുറിക്കാൻ ഒച്ചോവ
2026ലെ അമേരിക്ക, കാനഡ, മെക്സിക്കോ ലോകകപ്പ് ഒരുപക്ഷേ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസാന ലോകകപ്പ് വേദിയായേക്കും.
എന്നാൽ ലോക ഫുട്ബോളിലെ മറ്റൊരു പരിചിത മുഖത്തിനും ഇത് അവസാന ലോകകപ്പാകുമെന്നാണ് റിപ്പോർട്ടുകൾ. മെക്സിക്കോയുടെ ഇതിഹാസ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവയാണ് ആ താരം.
40-ാം വയസിൽ ആറാം ലോകകപ്പിനൊരുങ്ങുന്ന ഒച്ചോവ, ഫുട്ബോൾ ചരിത്രത്തിലെ അപൂർവ നേട്ടങ്ങളിലൊന്നിലേക്കാണ് നടന്ന് നീങ്ങുന്നത്. 2026 ലോകകപ്പിൽ കളിക്കാനായാൽ ഏറ്റവുമധികം ലോകകപ്പ് പതിപ്പുകളിൽ പങ്കെടുത്ത താരങ്ങളുടെ പട്ടികയിൽ അദ്ദേഹം ഇടംപിടിക്കും.
മെസ്സിയും റൊണാൾഡോയും ആറാം ലോകകപ്പിനായി ഒരുങ്ങുമ്പോൾ, അതേ തലമുറയിൽ കരിയർ ആരംഭിച്ച ഒച്ചോവയും സമാന നേട്ടത്തിലേക്ക് എത്തുന്നത് ശ്രദ്ധേയമാണ്.
2006 ലോകകപ്പിലൂടെയായിരുന്നു ഒച്ചോവയുടെ ലോകകപ്പ് അരങ്ങേറ്റം. തുടർന്ന് 2010, 2014, 2018, 2022 ലോകകപ്പുകളിലും മെക്സിക്കൻ ജഴ്‌സിയിൽ അദ്ദേഹം തിളങ്ങി. പ്രത്യേകിച്ച് 2014 ബ്രസീൽ ലോകകപ്പിൽ ആതിഥേയരായ ബ്രസീലിനെതിരെ നടത്തിയ അതുല്യ പ്രകടനം ഇന്നും ആരാധകർ ഓർക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചപ്പോൾ, ഒച്ചോവയുടെ രക്ഷപ്പെടുത്തലുകളാണ് മെക്സിക്കോയ്ക്ക് നിർണായകമായത്.
നിലവിൽ സൈപ്രസ് ക്ലബ്ബായ എഇഎൽ ലിമസോളിനായി കളിക്കുന്ന ഒച്ചോവ, 2005-ലാണ് മെക്സിക്കോയുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്.
അണ്ടർ-23 ടീമിലൂടെ വളർന്നെത്തിയ താരം ദേശീയ ടീമിനായി 150-ലധികം മത്സരങ്ങളിൽ ജഴ്‌സിയണിഞ്ഞിട്ടുണ്ട്.
സ്വന്തം രാജ്യത്ത് നടക്കുന്ന ലോകകപ്പിൽ കരിയറിന് മറക്കാനാവാത്ത സമാപനം കുറിക്കാനാണ് ഇപ്പോൾ ഈ പരിചയസമ്പന്നനായ ഗോൾകീപ്പറുടെ ലക്ഷ്യം.
What's Your Reaction?



