'വിജയത്തിന് യേശുവിന് നന്ദി'; ജമീമ റോഡ്രിഗ്സിനെതിരെ നടിയും ബി.ജെ.പി. നേതാവുമായ കസ്തൂരി

മത്സര വിജയത്തിന് ശേഷം സംസാരിക്കുമ്പോൾ "ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു" എന്ന് ജമീമ പറഞ്ഞിരുന്നു

Nov 1, 2025 - 13:21
Nov 1, 2025 - 13:21
 0
'വിജയത്തിന് യേശുവിന് നന്ദി'; ജമീമ റോഡ്രിഗ്സിനെതിരെ നടിയും ബി.ജെ.പി. നേതാവുമായ കസ്തൂരി

ചെന്നൈ: വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചതിന് പിന്നാലെ, ടീം അംഗം ജമീമ റോഡ്രിഗ്‌സ് നടത്തിയ പരാമർശം വിവാദമാകുന്നു. മത്സര വിജയത്തിന് ശേഷം സംസാരിക്കുമ്പോൾ "ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു" എന്ന് ജമീമ പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ട് നടിയും തമിഴ്നാട്ടിലെ ബി.ജെ.പി നേതാവുമായ കസ്തൂരി ശങ്കർ രംഗത്തെത്തിയതോടെയാണ് വിഷയം ചർച്ചയായത്.

"മത്സരത്തിനിടെ ഞാൻ ക്ഷീണിതയായിരുന്നു. പക്ഷേ, മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു. ഒരു ക്രെഡിറ്റും എടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെയെല്ലാം പിന്തുണ എനിക്ക് ഊർജമായി. അമ്മയ്ക്കും അച്ഛനും എൻ്റെ കോച്ചിനും എന്നിൽ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു."

ജമീമയുടെ ഈ വാക്കുകൾക്കെതിരെ കസ്തൂരി 'എക്സി'ൽ (X) കുറിച്ചത് ഇങ്ങനെയാണ്: "ശ്രീരാമൻ്റെ പേരിലോ ശിവൻ്റെ അനുഗ്രഹത്താലോ ആരെങ്കിലും നന്ദി പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ സാധിക്കുന്നില്ല." മറ്റൊരു പോസ്റ്റിനുള്ള മറുപടിയായി അവർ വീണ്ടും പറഞ്ഞു: "ജെമീമയെ ദൈവം അനുഗ്രഹിക്കട്ടെ. പക്ഷേ, ആരെങ്കിലും ജയ് ശ്രീ റാം എന്നോ ഹർ ഹർ മഹാദേവ് എന്നോ സത് ശ്രീ അകാൽ എന്നോ പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിയില്ല."

തനിക്കെതിരെ വന്ന വിമർശനങ്ങളോടും കസ്തൂരി പ്രതികരിച്ചു: "ജെമീമയുടെ വിശ്വാസത്തിൽ ഞാൻ സന്തോഷിക്കുന്നു. എന്തുകൊണ്ടാണ് മറ്റു വികാരങ്ങളെ നമ്മൾ അതേ രീതിയിൽ പരിഗണിക്കാത്തത്" എന്നാണ് കസ്തൂരിയുടെ ചോദ്യം. താനൊരു കപട മതേതരവാദിയല്ലെന്നും കപട സാമൂഹിക സ്വഭാവങ്ങളെയാണ് താൻ ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റൊരു വിമർശനത്തിന് അവർ മറുപടി നൽകി.

നേരത്തെ, മുംബൈയിലെ ജിംഖാന ക്ലബ്ബിന്റെ പരിസരം മതപരിവർത്തന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടർന്ന് ജമീമയുടെ കുടുംബത്തിന്റെ അംഗത്വം ക്ലബ് റദ്ദാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ജമീമ റോഡ്രിഗ്‌സിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണവും നടന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow