മത്സരം ഒരു മണിക്കൂർ വൈകുമെന്ന് പിസിബി; അവസാനനിമിഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീം സ്റ്റേഡിയത്തിലെത്തി
ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ തലവനും പാകിസ്ഥാന്‍ മന്ത്രിയുമായ മൊഹ്സിൻ നഖ്‍വി ഇടപെട്ടാണ് ടീമിനെ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് അയച്ചത്
ദുബായ്: ഏഷ്യാകപ്പിൽനിന്ന് പാകിസ്ഥാൻ പിൻമാറുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ യുഎഇയ്ക്കെതിരായ മത്സരത്തില്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ അവസാനനിമിഷം സ്റ്റേഡിയത്തിലെത്തി. ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെയുണ്ടായ ഹസ്തദാന വിവാദത്തെ തുടർന്ന് ടീം പിന്മാറുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. പാകിസ്ഥാൻ ടീം ഹോട്ടലിൽനിന്നു സ്റ്റേഡിയത്തിലേക്കെത്തുകയായിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ തലവനും പാകിസ്ഥാന്‍ മന്ത്രിയുമായ മൊഹ്സിൻ നഖ്‍വി ഇടപെട്ടാണ് ടീമിനെ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് അയച്ചത്.
പാകിസ്ഥാൻ താരങ്ങൾ സ്റ്റേഡിയത്തിലെത്താൻ വൈകിയതോടെ യുഎഇയ്ക്കെതിരായ മത്സരത്തിന്റെ ടോസ് ഒരു മണിക്കൂര്‍ വൈകും. മത്സരവും വൈകിയാണു തുടങ്ങുക. മത്സരം ഒരു മണിക്കൂർ വൈകുമെന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. ഇന്ത്യയ്ക്കെതിരായ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ഏഷ്യാകപ്പിൽനിന്ന് മാറ്റി നിര്‍ത്തണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് രണ്ടു തവണ കത്തയിച്ചിരുന്നെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. അതിനു പിന്നാലെയാണ് പാക് ടീം മത്സരം ബഹിഷ്കരിക്കുകയാണെന്ന് അഭ്യൂഹങ്ങൾ പരന്നത്.
What's Your Reaction?